സുപ്രീം കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ വെട്ടിനിരത്തലുമായി കേജരിവാള്‍ സര്‍ക്കാര്‍; സര്‍വീസ് സെക്രട്ടറിയെ പുറത്താക്കി

സുപ്രീം കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ വെട്ടിനിരത്തലുമായി കേജരിവാള്‍ സര്‍ക്കാര്‍; സര്‍വീസ് സെക്രട്ടറിയെ പുറത്താക്കി

ന്യൂഡല്‍ഹി: അധികാര നിര്‍ണയത്തിന്റെ പേരില്‍ കേന്ദ്രവുമായുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തില്‍ വെട്ടിനിരത്തലുമായി കേജരിവാള്‍ സര്‍ക്കാര്‍. സര്‍വീസസ് സെക്രട്ടറി ആശിഷ് മോറയയെ സ്ഥാനത്ത് നിന്ന് പുറത്താക്കി.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന. കോടതി വിധിയ്ക്ക് ശേഷം ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ആശിഷ് മോറയുടെ കസേര തെറിച്ചത്.

നിലവില്‍ സര്‍വീസസ് വകുപ്പിന്റെ നിയന്ത്രണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ്. ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ സര്‍വീസസ് വകുപ്പിന്റെ നിയന്ത്രണം ലെഫ്റ്റനന്റ് ഗവര്‍ണറിന് കീഴിലാക്കിയത്.

എന്നാല്‍ ലഫ്റ്റനന്റ് ഗവണര്‍ വി.കെ സക്സേനയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിന് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. ഡല്‍ഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നായിരുന്നു കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്.

ലെഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിച്ച് മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിന്നാലെയാണ് സര്‍വീസസ് സെക്രട്ടറിയെ മാറ്റിയത്.

ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണമില്ലാത്ത സര്‍ക്കാര്‍ രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്നാണ് ആംആദ്മി പാര്‍ട്ടി സുപ്രീം കോടതിയില്‍ വാദിച്ചിരുന്നത്.

എന്നാല്‍ ഡല്‍ഹി രാജ്യ തലസ്ഥാനമായതിനാല്‍ ഇവിടത്തെ ഭരണത്തില്‍ തങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. 2014 ല്‍ ആദ്യമായി അധികാരത്തില്‍ വന്നത് മുതല്‍ അധികാരത്തിന്റെ പേരില്‍ ആംആദ്മി സര്‍ക്കാരും കേന്ദ്രവുമായുള്ള തര്‍ക്കം പതിവാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.