'നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവി'; പുതിയ സന്ദേശവുമായി മറ്റൊരു ലോക നഴ്സസ് ദിനം

'നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവി'; പുതിയ സന്ദേശവുമായി മറ്റൊരു ലോക നഴ്സസ് ദിനം

ലോക മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ നഴ്സസ് ഡേ ആണ് 2023 ലേത്. ലോകാരോഗ്യ സംഘടന കോവിഡ്, മങ്കിപ്പനി എന്നിവയുടെ ലോകമഹാമാരിപ്പട്ടം എടുത്തുകളഞ്ഞിട്ട് അധികമായില്ല. കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി മുൻപെങ്ങും ഇല്ലാത്ത വിധമുള്ള അംഗീകാരം നഴ്‌സ്‌മാർക്ക് ലഭിച്ചിരുന്നു. സൂപ്പർ ഹീറോയുടെ പരിവേഷം ചാർത്തപ്പെട്ടു. മാലാഖയായി ചിത്രീകരിക്കപ്പെട്ടു. എന്നാൽ അവർ ചെയ്ത പ്രവർത്തികൾ എന്നും ഒന്ന് തന്നെ ആയിരുന്നില്ലേ? നഴ്സ്മാർ യഥാർത്ഥത്തിൽ എന്താണ് ചെയുന്നത് എന്ന് ലോകം തിരിച്ചറിയാൻ ഒരു സൂക്ഷ്മാണു കാരണമായി.

സ്വന്തം മുഖം, മുഖംമൂടി വച്ച് മറച്ചുകൊണ്ട് യഥാർത്ഥ കരുതലിന്റെ മുഖം ലോകത്തിന് വെളുപ്പെടുത്തിയ ഒരു ഗണമാണ് നഴ്സ്മാർ. പകർച്ച വ്യാധിയോടും മഹാമാരിയോടും പൊരുതി മരിച്ച നഴ്‌സ്‌മാർ നമ്മുടെ ഇടയിൽത്തന്നെയുണ്ട്. 'നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവി' എന്ന ഈ വർഷത്തെ നഴ്‌സസ് ദിന സന്ദേശം യഥാർത്ഥത്തിൽ നഴ്‌സ്‌മാർ ഈ ലോകത്ത് ചെലുത്തുന്ന സ്വാധീനത്തിന്റെ ആഴം വെളിവാക്കുന്നു.

ഈ ലോകത്തിൻറെ ഭാവിയെ കുറിക്കുന്ന ഓരോ മനുഷ്യജീവനും കയറിയിറങ്ങുന്നത് ഒരു നഴ്സിന്റെ കയ്യിലൂടെയാണ് ഈ ആധുനിക ലോകത്ത് ഒരു നഴ്സിംന്റെ സാന്നിധ്യം ഇല്ലാതെ ഒരു ജനനവും നടക്കുന്നില്ല. ഒട്ടുമിക്ക അവസരങ്ങളിലും മരണവും ഒരു നേഴ്സിന്റെ സാന്നിധ്യത്തിൽ തന്നെയായിരിക്കും. എല്ലായ്പ്പോഴും ഒരു മനുഷ്യൻറെ അവസാന നിമിഷങ്ങൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം ആയിരിക്കില്ല. എന്നാൽ ഒരു നഴ്സിന്റെ ഒപ്പം ആയിരിക്കാം ക്രൈസ്തവ വിശ്വാസിയായ ഒരാളുടെ മരണസമയത്ത് ഈശോ മറിയാമ്മ ഔസേപ്പ ചൊല്ലി കൊടുത്ത ഹൈന്ദവ വിശ്വാസിയായ നഴ്സുമാർ ഉള്ള നാടാണ് നമ്മുടേത്.

സ്വന്തം ദുഖങ്ങൾ മറന്ന് മറ്റുള്ളവരുടെ കണ്ണുനീരൊപ്പാൻ വേണ്ടി ശ്രമിയ്ക്കുന്നവരാണ് ഇവർ. പല സംഘർഷങ്ങൾക്കുളളിലും പുറമേ പുഞ്ചിരിച്ച് രോഗികളെ ആശ്വസിപ്പിക്കുന്ന ഇവർ കുടുംബത്തോടൊപ്പമുള്ള അവധിദിനങ്ങൾ ഉപേക്ഷിക്കുകയും രാത്രികളിലും വാരാന്ത്യങ്ങളിലും ഇടതടവില്ലാതെ രോഗീശിശ്രൂഷ തുടരുകയും ചെയുന്നു. ഈ നിസ്വാർത്ഥത അവരുടെ രോഗികളോടുള്ള പ്രതിബദ്ധതയിലും പ്രതിഫലിക്കുന്നു.

നിസാര കാര്യങ്ങൾക്കായി ഇവരോട് ദുർമുഖം കാണിയ്ക്കുന്ന രോഗികളും ബന്ധുക്കളും, ഇവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസിലാക്കാതെ വരുന്നു. പലരും കുറഞ്ഞ വേതനത്തിലും പരിമിതികളുടെ അന്തരീക്ഷത്തിലും വീർപ്പു മുട്ടുന്നവരാണ്. പുറം നാടുകളിൽ നഴ്‌സ്‌മാർക്ക് ലഭിക്കുന്ന സ്ഥാനം നമ്മുടെ നാട്ടിൽ ലഭിക്കുന്നുണ്ടോ എന്നതും പ്രസക്തമായ ചോദ്യമാണ്. ചെയുന്ന വേലയ്ക്കു അർഹിക്കുന്ന വേതനം ഇന്നും ഇന്ത്യയിലെ നഴ്സ്മാർക്ക് മരീചിക തന്നെ!

ആതുര സേവനത്തിന്റെ അന്തസത്ത ലോകത്തിന് കാണിച്ചുകൊടുത്ത ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ ലോകം വിളിച്ചു പാടുന്ന ഇവരാണ് ഇന്ന് നാം കാണുന്ന ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്. 1974 ലാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് മേയ് 12 ലോക നഴ്സസ് ദിനമായി ആചരിക്കാനുള്ള തീരുമാനം എടുത്തത്.

ഒരു സമ്പന്ന കുടുംബത്തിലാണ് നൈറ്റിങ്ഗേൽ ജനിച്ചത്. ഒരു നഴ്‌സാകാനും അപരിചിതരെ പരിപാലിക്കാനുമെല്ലാം അക്കാലത്ത് എല്ലാ പാരമ്പര്യങ്ങളിലും ലംഘനങ്ങളും വിലക്കുകളും ഉണ്ടായിരുന്നു. ക്രിമിയൻ യുദ്ധകാല സമയത്ത്, അതിൽ പങ്കെടുത്ത ഭൂരിഭാഗം സൈനികരും വേണ്ട ചികിത്സകൾ ലഭിക്കാത്തതു മൂലം മരണമടയുന്നു എന്ന വാർത്ത കേട്ടറിഞ്ഞ നൈറ്റിങ്ഗേൽ മുൻനിരയിലേക്കിറങ്ങി അതിൻ്റെ കാരണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെ കണ്ടെത്തലുകളിൽ നിന്നും സൈനികരുടെ മരണത്തിൻ്റെ പ്രാഥമിക കാരണം മലിനീകരിക്കപ്പെട്ട അന്തരീക്ഷ പരിസ്ഥിതികളും അതിൻ്റെ ഫലമായുണ്ടായ അണുബാധകളുമാണെന്ന് അവർക്ക് കണ്ടെത്താനായി. ആവശ്യമായ മാറ്റങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് പൊതുജനാരോഗ്യനു വേണ്ടി അവർ ചെയ്ത കാര്യങ്ങൾ മെഡിക്കൽ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയും വിപ്ലവത്തിന് വഴിതുറക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.