ന്യൂഡല്‍ഹി: ഗതാഗതക്കുരുക്ക് രൂക്ഷമായ വന്‍ നഗരങ്ങളിലും റോഡ് സൗകര്യങ്ങള്‍ കുറഞ്ഞ മേഖലകളിലും അടിയന്തര ഘട്ടങ്ങളില്‍ ബ്ലഡ് ബാഗുകള്‍ ഡ്രോണ്‍ വഴി എത്തിക്കുന്ന 'ഐ ഡ്രോണ്‍' പദ്ധതിക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) തുടക്കം കുറിച്ചു.
പത്ത് യൂണിറ്റ് രക്തം ഡ്രോണ്‍ ഉപയോഗിച്ച് ഡല്‍ഹിയിലെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചായിരുന്നു പരീക്ഷണം. പ്രത്യേക താപ നിലയില്‍ സൂക്ഷിക്കേണ്ട രക്തത്തിന് കേട് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിക്കാന്‍ മറ്റൊരു സാമ്പിള്‍ ആംബുലന്‍സ് വഴിയും അയച്ചു.
ഡ്രോണുകള്‍ വഴി അയച്ച ബ്ലഡ് ബാഗുകള്‍ യാതൊരു കേടും കൂടാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചതായി ഐ.സി.എം.ആര്‍ മേധാവി ഡോ.രാജീവ് ബഹല്‍ പറഞ്ഞു. പരീക്ഷണം വിജയമായതോടെ ഇന്ത്യയിലുടനീളം അടിയന്തര ഘട്ടങ്ങളില്‍ ഇത് നടപ്പാക്കാന്‍ തീരുമാനിച്ചതായും അദേഹം വ്യക്തമാക്കി.
നോയിഡയിലെ ജെയ്പീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ജെ.ഐ.ഐ.ടി), ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ജിംസ്), ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജ് എന്നിവ പരീക്ഷണത്തില്‍ പങ്കാളികളായി.
കോവിഡ് സമയത്ത്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത പ്രദേശങ്ങളിലെ വാക്‌സിന്‍ വിതരണത്തിനാണ് ഐ.സി.എം.ആര്‍ ആദ്യമായി ഐ ഡ്രോണ്‍ ഉപയോഗിച്ചത്. മണിപ്പൂരിലെയും നാഗാലാന്‍ഡിലെയും വിദൂര പ്രദേശങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമൊക്കെ ഡ്രോണുകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.