ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ചാണ്ടി ഉമ്മന്റെ വക്കീല്‍ നോട്ടിസ്

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച്  ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ചാണ്ടി ഉമ്മന്റെ വക്കീല്‍ നോട്ടിസ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമമായ 'മറുനാടന്‍ മലയാളി'ക്കെതിരെ മകന്‍ ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസയച്ചു.

മറുനാടന്‍ മലയാളിക്കു പുറമെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, മാനേജിങ് എഡിറ്റര്‍ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ എം. റിജു എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ്.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു, ചികിത്സ നടന്ന ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയില്‍ നിന്നെന്നു ചൂണ്ടിക്കാട്ടി വ്യാജരേഖ ചമച്ചു, ഭാര്യയും മകന്‍ ചാണ്ടി ഉമ്മനും മകളും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വക്കീല്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

നോട്ടിസ് ലഭിച്ച് അഞ്ചു ദിവസത്തിനകം വിഷയത്തില്‍ നിരുപാധികം മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് തുടര്‍ന്ന് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്. ഇതില്‍ വീഴ്ചവരുത്തിയാല്‍ സിവില്‍, ക്രിമിനല്‍ കേസുകളുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.

ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെയാണ് വക്കീല്‍ നോട്ടിസ് അയച്ച വിവരം പുറത്തു വിട്ടത്. മറുനാടന്‍ തുടര്‍ച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.