കൊച്ചി: കേരള സഭാമക്കളിൽ മിഷൻ ചൈതന്യം സൃഷ്ടിക്കാനായി ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജെറുസലേം ധ്യാന കേന്ദ്രത്തിൽ നടന്ന നാലാമത് ജിജിഎം മിഷൻ കോൺഗ്രസ് പരിശുദ്ധാത്മാവ് മനോഹരമായി നടത്തിത്തന്നു.
കേരളത്തിന് അകത്തും പുറത്തുമുള്ള മിഷൻ പ്രവർത്തനങ്ങളെയും മിഷൻ സഭാ വിഭാഗങ്ങളെയും മിഷൻ പ്രവർത്തകരെയും ഒരു കുടക്കീഴിൽ പരിചയപ്പെടുത്താൻ സാധിക്കുന്നു എന്നതാണ് ജിജിഎമ്മിന്റെ (ഗ്രേറ്റ് ഗതേറിങ് ഓഫ് മിഷൻ) ഏറ്റവും വലിയ സവിശേഷത.
മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. കോവിഡിന്റെ സാഹചര്യമായതിനാൽ കഴിഞ്ഞ 2 വർഷങ്ങളിൽ ജിജിഎം മിഷൻ കോൺഗ്രസ് നടത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വളരെ വിപുലമായ മിഷൻ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തെലുംഗു എന്നിങ്ങനെ വ്യത്യസ്‍ത ഭാഷാ വിഭാഗങ്ങളിലായിട്ടായിരുന്നു പരിപാടികൾ. രാജ്യത്തിന്റെ വിവിധ മിഷൻ പ്രദേശങ്ങളെ പരിചയപ്പെടുത്തുന്ന മിഷൻ എക്സിബിഷൻസ്, മിഷൻ ധ്യാനം, മിഷൻ ഗാതറിംഗുകൾ, മിഷൻ സെമിനാർ, നൈറ്റ് വിജിൽ, ബിഷ്പ്സ് മീറ്റ്, മതബോധന സംഗമം, ഡോക്ടർസ് മീറ്റ്, ബിഗ് ഫാമിലി മീറ്റ്, ഹിന്ദി കൂട്ടായ്മ തുടങ്ങി വിപുലമായ മിഷൻ പരിപാടികളിലൂടെയാണ് നാലാമത് മിഷൻ കോൺഗ്രസിനു തിരശീല വീണത്.
പിതാക്കന്മാരുടെ നിറ സാന്നിധ്യം
മാമ്മോദീസാ സ്വീകരിച്ചവരെല്ലാം മിഷനറിമാരാണ്. സ്നേഹത്തിലൂടെ പ്രവർത്തന നിരതമാകണം ഓരോ മിഷനറിമാരുടെയും ജീവിതം എന്ന ഉൽഘാടന സന്ദേശം ആദ്യദിവസത്തെ കുർബാന മധ്യേ കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് അലഞ്ചേരി നൽകി. നോർത്ത് ഈസ്റ്റിൽ നിന്നുള്ള ഗുവാഹത്തി ആർച്ച് ബിഷപ്പ് മാർ ജോൺ മൂലേച്ചിറ, ആർച്ച് ബിഷപ്പ് വിക്ടർ ലിംതോ, ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ, ബിഷപ്പ് ജോൺ തോമസ്, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, ബിഷപ്പ് തോമസ് പുല്ലോപള്ളി, ബിഷപ്പ് ജെയിംസ് തോപ്പിൽ, ബിഷപ്പ് വിബേർട്ട് മാർവിൻ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സമൂഹ ബലിയിൽ നോർത്ത് ഈസ്റ്റിൽ നിന്നുള്ള യുവ ജനങ്ങൾ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു ആരാധനയിൽ പങ്ക് കൊണ്ടപ്പോൾ അനേകർക്കത് മിഷന്റെ നേർകാഴ്ചയായി മാറി. എന്റെ സഹോദരന് വെളിച്ചം കിട്ടാൻ വേണ്ടി അവന്റെ മുമ്പിൽ വിളക്ക് വെക്കുന്നതാണ് മിഷൻ പ്രവർത്തനം. കർത്താവിനെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി ഞാനും നിങ്ങളും ഉപാധികളാകണം, ഉപകരണങ്ങളാകണംമെന്ന് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മിഷൻ സംഗമത്തിൽ ഓർമിപ്പിച്ചു. കൊച്ചിയിൽ നിന്നുള്ള മാഗ്നിഫികാത്ത് ബാൻഡ് അവതരിപ്പിച്ച സംഗീത നിശയോടൊപ്പം നടന്ന മിഷൻ അവാർഡ് സെറിമണിയിൽ ഫിയാത്ത് പറയുവാൻ ഓരോ ക്രിസ്ത്യാനിയും തയ്യാറാകണമെന്നു ഉത്ഘാടന മധ്യ മാവേലിക്കര ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉത്ബോധിപ്പിച്ചു.
മിഷൻ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്ത ആറ് വ്യക്തികളെ ഫിയാത്ത് മിഷൻ കോൺഗ്രസിൽ ആദരിച്ചു. ഫാ. ജോസ് കല്ലേലി സിഎംഐ, ഫാ. ധീരജ് സാബു ഐഎംഎസ് സാന്ദന, സെബാസ്റ്റ്യൻ തോമസ് കുഴിപ്പള്ളിൽ, ഫാ. തോമസ് ചേറ്റാനിയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ,സിസ്റ്റർ ആനി ജോസഫ് സിഎച്ച്എഫ് എന്നിവർ മിഷൻ അവാർഡുകൾ ഏറ്റു വാങ്ങി. വേദപാഠം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സുവിശേഷം പറയാൻ ലജ്ജിക്കരുതെന്നും അനേകം ദൈവങ്ങളിൽ ഒരുവനാണ് ക്രിസ്തു എന്നല്ല, മറിച്ഛ് ഏകദൈവമാണ് ക്രിസ്തു എന്ന് പഠിപ്പിക്കുവാൻ മതബോധന അധ്യാപകർക്ക് സാധിക്കണമെന്നും ബിഷപ്പ് മാർ തോമാസ് തറയിൽ മിഷൻ കോൺഗ്രസിലെ മതബോധന ദിനത്തിൽ ഉത്‌ബോധിപ്പിച്ചു. സഭയുടെ സന്തോഷവും സമൃദ്ധിയുമാണ് വലിയ കുടുംബങ്ങൾ എന്ന് ബിഗ് ഫാമിലി മീറ്റിൽ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് പിതാവ് പറഞ്ഞു. 60 ഓളം മിഷൻ എക്സിബിഷൻ സ്റ്റാളുകൾ, ബൈബിൾ എക്സ്പോ, ജെറുസലേം ധ്യാന സെന്ററിലെ 156 വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഇവയെല്ലാം മിഷൻ കോൺഗസ് പങ്കെടുക്കുവാൻ വന്നവർക്ക് മിഷൻ തീക്ഷണത ഒരുക്കുവാൻ കാരണമായി.
മനസുകളെല്ലാം മിഷനിലേക്ക്
ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നു വന്ന വിവിധ റീത്തുകളിൽപെട്ട 20 ൽപരം അഭിവന്ദ്യ പിതാക്കന്മാർ ഫിയാത്ത് മിഷനോടൊപ്പം ഒരു മനസ്സോടെ ഈ മിഷൻ മഹാസംഗമത്തിലുണ്ടായിരുന്നു. മാത്രമല്ല കർദിനാൾ, അഞ്ച് ആർച്ച് ബിഷപ്പുമാർ, 20 സംസ്ഥാനങ്ങളിൽ നിന്നായി 200 മിഷനറിമാർ, 60 മിഷൻ സ്റ്റാളുകൾ, 75 വൈദികർ, 500 ലധികം സന്യസ്തർ, മൂന്ന് വ്യത്യസ്ത റീത്തുകളിൽ 12 സ്റ്റേജുകളിലായി നാല് വ്യത്യസ്ഥ ഭാഷകളിൽ പ്രോഗ്രാമുകൾ, അഞ്ചോളം കൾച്ചറൽ മ്യൂസിക് ബാന്റുകൾ, ഓരോ ദിവസവും 2000 മുതൽ 50000 വരെ മിഷൻ വിശ്വാസികൾ പ്രോഗ്രാമിനായി കടന്നു വന്നവർ, സകലരെയും പരിശുദ്ധ അമ്മക്ക് സമർപ്പിച്ചു കൊണ്ടുള്ള ജപമാല പ്രദക്ഷിണം തുടങ്ങി വിവിധങ്ങളായ പരിപാടികളിലൂടെ മിഷൻ ആവേശം വിതറാൻ മിഷൻ കോൺഗ്രസിന് സാധിക്കുന്നുണ്ട്.
ദൈവ വിളിയുടെ വിള നിലം
അഞ്ച് ദിവസങ്ങളിലായി നടന്ന മിഷൻ കോൺഗ്രസിൽ ദൈവവിളിയുടെ ആദ്യജ്വലനം തിരിച്ചറിഞ്ഞ 100 ൽ പരം കുട്ടികളാണ് മിഷൻ സ്റ്റാളുകളിൽ പേരുനൽകിയത്. വിവിധങ്ങളായ പ്രോഗ്രാമുകളിൽ പങ്കെടുത്ത ദൈവജനം മിഷൻ തീക്ഷ്ണതയിൽ ജ്വലിക്കുന്ന അനുഭവം സ്വന്തമാക്കി. റിട്ടയർ ചെയ്തവരടക്കം അനേകം മുതിർന്നവർ മിഷൻ സന്ദർശനത്തിന് തയ്യാറായി. ദൈവികമായി കാഴ്ചപാടിൽ ജിജിഎം മിഷൻ കോൺഗ്രസിനെ വിലയിരുത്തുമ്പോൾ പരിശുദ്ധാത്മ പ്രേരിതരായി ആരംഭിച്ച ഈ മിഷൻ സംഗമങ്ങളിൽ നിന്ന് ദൈവം എങ്ങനെ ഫലം എടുക്കുന്നു എന്നത് നമുക്ക് അജ്ഞാതമായിരിക്കും.
അനുഭവങ്ങൾ വഴി തെളിക്കുമ്പോൾ
ആദ്യത്തെ മിഷൻ കോൺഗ്രസ് നടക്കുന്ന സമയം, റോഡിലൂടെ നടക്കുകയായിരുന്ന ഒരു സഹോദരൻ, ജിജിഎമ്മിൻ്റെ ഫ്ലക്സ് ബോർഡ് പാതയോരത്ത് കണ്ട് ഫിയാത്ത് മിഷനെ അന്വേഷിച്ചെത്തി. വടക്കേ ഇന്ത്യക്കാരായ സഹോദരങ്ങളെ വിശ്വാസത്തിൽ വളർത്തുന്നതടക്കമുള്ള വലിയ ഉത്തരവാദിത്വങ്ങൾ ചെയ്യുന്ന ഒരു ഫിയാത്ത് മിഷനറിയാണ് അദ്ദേഹമിപ്പോൾ. ആദ്യത്തെ മിഷൻ കോൺഗ്രസിലെ എക്സിബിഷൻ സ്റ്റാൾ സന്ദർശിക്കുകയായിരുന്ന ഒരു ബ്രദർ തൻ്റെ വൈദിക വൃത്തിയുടെ ഇടം ഒറീസയിലാണെന്ന് തിരിച്ചറിഞ്ഞു. ഏതാനും വർഷങ്ങളായി അദ്ദേഹം ഒറീസ മിഷനുവേണ്ടി വൈദികശുശ്രൂഷ ചെയ്യുന്നു.
മഹത്വം നൽകുന്നത് കർത്താവ്
നാം അറിയാത്ത എത്രയോ ഫലങ്ങൾ മിഷൻ കോൺഗ്രസുകൾ വഴി സഭയ്ക്കുണ്ടാകുന്നു. സമയവും സമ്പത്തും സൗകര്യങ്ങളും മാറ്റി വച്ചും പങ്ക് വച്ചും നടത്തിയ മിഷൻ കോൺഗ്രസിൽ നിന്ന് വിജയപരാജയങ്ങൾ തീരുമാനിക്കാൻ നാം ആരാണ്. ദൈവിക സ്വപ്നങ്ങൾ പൂർത്തിയാക്കാൻ പൂർണമനസ്സോടെ പരിശ്രമിക്കുക എന്നതൊഴികെ ഒന്നിനെക്കുറിച്ചും നാം ആകുലരാകേണ്ടതില്ല. കുറവുകൾ മാത്രമുള്ള നമ്മുടെ പരിശ്രമങ്ങൾ വിജയകരമാക്കാൻ അവിടുത്തേയ്ക്കൊഴികെ ആർക്കാണ് സാധിക്കുക. ശുശ്രുഷകർ അനേകമാസങ്ങളായി ഫിയാത്ത് മിഷൻ കോൺഗ്രസിനായി അർപ്പിച്ച പ്രാർത്ഥനകളും ലക്ഷക്കണക്കിന് ജപമാലകളും വരും നാളുകളിൽ വലിയ ഫലം പുറപ്പെടുവിക്കും. അത് ദൈവത്തിന്റെ പ്രവർത്തിയാണ്. പ്രാർത്ഥനയോടെ കാത്തിരിക്കാം.
നാലാമത് ജിജിഎം മിഷൻ കോൺഗ്രസിനായി നിങ്ങൾ ചെയ്ത എല്ലാ ശുശ്രൂഷകൾക്കും ദൈവനാമത്തിൽ നന്ദി പറയുന്നതോടൊപ്പം, പ്രതിസന്ധികൾക്കിടയിലും അഞ്ചാമത് ജിജിഎം മിഷൻ കോൺഗ്രസിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ കാണാനും അതിനായി പ്രാർത്ഥിച്ചു തുടങ്ങാനും വിശ്വസികളായ നമുക്കെല്ലാവർക്കും കടമയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.