ക്രൂര കൊലപാതകികള്‍ക്ക് തക്ക ശിക്ഷവാങ്ങിക്കൊടുത്ത അഭിഭാഷകന്‍ വന്ദനയ്ക്ക് വേണ്ടി ഹാജരായേക്കും; ആക്ഷന്‍ പ്‌ളാന്‍ തയ്യാറാക്കി

ക്രൂര കൊലപാതകികള്‍ക്ക് തക്ക ശിക്ഷവാങ്ങിക്കൊടുത്ത അഭിഭാഷകന്‍ വന്ദനയ്ക്ക് വേണ്ടി ഹാജരായേക്കും; ആക്ഷന്‍ പ്‌ളാന്‍ തയ്യാറാക്കി

കൊല്ലം: ഹൗസ് സര്‍ജനായ ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് പ്ലാന്‍ തയ്യാറാക്കിയത്.

ശാസ്ത്രീയ തെളിവുകള്‍, സാക്ഷി മൊഴികള്‍, വിവിധ രേഖകള്‍ തുടങ്ങിയവ ഘട്ടംഘട്ടമായി ശേഖരിക്കുന്നത് സംബന്ധിച്ചാണ് ആക്ഷന്‍ പ്ലാന്‍. ഇത് തയ്യാറാക്കാന്‍ ചേര്‍ന്ന യോഗത്തിന് മുമ്പ് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ സംഭവം നടന്ന താലൂക്ക് ആശുപത്രിയിലെ വിവിധ മുറികള്‍ സന്ദര്‍ശിച്ചു. താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ കാമറകളുടെ ഹാഡ് ഡിസ്‌കുകളില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിച്ച് തുടങ്ങി. ഇന്ന് മുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി തുടങ്ങി.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും.
ഡോ. വന്ദനയെ സന്ദീപ് കുത്തുന്നത് നേരില്‍ കണ്ട സഹപാഠിയായ ഡോ. ഷിബിന്‍ മുഹമ്മദിന്റെ എഫ്.ഐ.ആറിലെ മൊഴിയിലുണ്ടായ വൈരുദ്ധ്യം തുടരന്വേഷണത്തില്‍ വിശദമായ മൊഴിയെടുത്ത് പരിഹരിക്കും. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ച് പ്രതി ജാമ്യം ലഭിച്ച് പുറത്തിറങ്ങാതെ തന്നെ വിചാരണ നടത്താനാണ് ആലോചന. ഡി.ഐ.ജി ആര്‍.നിശാന്തിനി പ്രതിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചു.

പരമാവധി ശാസ്ത്രീയ തെളിവുകള്‍ കൃത്യതയോടെ ശേഖരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യം. പ്ലാന്‍ പ്രകാരമുള്ള തെളിവുകളും സാക്ഷി മൊഴികളും മറ്റ് രേഖകളും ലഭിച്ചാല്‍ 90 ദിവസത്തിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാകുന്നത് സംബന്ധിച്ച് പ്രമുഖ അഭിഭാഷകനായ ജി. മോഹന്‍ രാജിനോട് പൊലീസ് താല്‍പര്യം ആരാഞ്ഞു. സന്നദ്ധനായാല്‍ അദ്ദേഹത്തിന്റെ കൂടി സഹകരണത്തോടെയാകും അന്വേഷണം.

കവര്‍ച്ച കഴിഞ്ഞ് രക്ഷപെടുന്നതിനിടയില്‍ പൊലീസുകാരന്‍ മണിയന്‍പിള്ളയെ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ കേസ്, ഉത്രാ വധക്കേസ്, വിസ്മയക്കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അഭിഭാഷകനായ ജി. മോഹന്‍ രാജ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.