മത്സരിച്ച നാലിടത്തും നിലം തൊടാതെ സിപിഎം; ബാഗേപ്പള്ളിയിലെ തോല്‍വി ഞെട്ടിച്ചു

മത്സരിച്ച നാലിടത്തും നിലം തൊടാതെ സിപിഎം; ബാഗേപ്പള്ളിയിലെ തോല്‍വി ഞെട്ടിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് തരംഗത്തില്‍ സി പി എമ്മിനും കനത്ത തിരിച്ചടിയേറ്റു. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായ ബാഗേപ്പള്ളി ഉള്‍പ്പടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച നാല് മണ്ഡലങ്ങളില്‍ ഒന്നിലും പച്ച തൊട്ടില്ല. ബാഗേപ്പള്ളിക്ക് പുറമെ കെ.ആര്‍ പുരം, കെജിഎഫ്, ഗുല്‍ബര്‍ഗ റൂറല്‍ എന്നിവിടങ്ങളിലായിരുന്നു സിപിഎം ഇത്തവണ മത്സരിച്ചത്.

സിപിഎം വിജയം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു ബാഗേപ്പള്ളി. ജനകീയനായ ഡോക്ടര്‍ അനില്‍ കുമാറായിരുന്നു സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ മുപ്പതിനായിരത്തോളം വോട്ടുള്ള ജെഡിഎസിന്റെ പിന്തുണ കൂടിയായപ്പോള്‍ സിപിഎം വലിയ ആത്മ വിശ്വാസത്തിലായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എസ്.എന്‍ സുബ്ബറെഡ്ഡിക്ക് 81,383 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആദ്യമായി മണ്ഡലത്തില്‍ 62,225 വോട്ടുകള്‍ ലഭിച്ചു. 19,621 വോട്ടുകള്‍ മാത്രമേ മൂന്നാം സ്ഥാനത്ത് എത്തിയ അനില്‍കുമാറിന് നേടാന്‍ സാധിച്ചുള്ളു.

നേരത്തെ മൂന്ന് തവണ സിപിഎം വിജയിച്ച മണ്ഡലം കൂടിയാണ് ബാഗേപ്പള്ളി. 1983 ല്‍ എ.വി അപ്പാസ്വാമി റെഡ്ഡിയും 1994 ലും 2004ലും ജി.വി ശ്രീരാമ റെഡ്ഡിയുമാണ് ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥികള്‍. 2018 ല്‍ അമ്പതിനായിരത്തിലേറെ വോട്ട് നേടി രണ്ടാം സ്ഥാനത്തായിരുന്നു സിപിഎം.

കെജിഎഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്) മണ്ഡലത്തിലും സിപിഎമ്മിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രൂപകല 81,569 വോട്ടുകള്‍ നേടി ഒന്നാമത് എത്തിയപ്പോള്‍ 31,102 വോട്ടുമായി ബിജെപിയാണ് രണ്ടാമതെത്തി. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് മണ്ഡലത്തില്‍ സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ പോരാടിയെന്ന പ്രത്യേകതയുമുണ്ട്. കോലാറില്‍ 1008 വോട്ടുകളുമായി സിപിഎം അഞ്ചാമതും 918 വോട്ടുമായി സിപിഐ ആറാമതുമാണ്.

കെ.ആര്‍ പുരത്ത് 1220 വോട്ടും ഗുല്‍ബര്‍ഗ റൂറലിും 822 വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥികളുടെ പ്രകടനവും ദയനീയമാണ്. സിപിഎം ആകെ വോട്ട് വിഹിതത്തിന്റെ 0.06 ശതമനം നേടിയപ്പോള്‍ സിപിഐക്ക് ലഭിച്ചത് 0.02 ശതമാനം മാത്രമാണ്.

43.1 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം ബിജെപിയുടെ വോട്ട് വിഹിതം 35.8 ശതമാനമായി ഇടിഞ്ഞു. ജെഡിഎസ് 13.3 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 0.58 ശതമാനവുമായി എഎപി നാലാം സ്ഥാനത്തുമെത്തി. അതിനും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് സിപിഎം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.