ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായേക്കും. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ബുദ്ധി കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും നറുക്കുവീണത് സിദ്ധരാമയ്യക്കാണെന്നാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്ത് വരുന്ന സൂചന. ശിവകുമാറിന് പ്രധാന വകുപ്പുകള്‍ നല്‍കി ഉപമുഖ്യമന്ത്രിയാക്കും.
കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചു വന്ന എംഎല്‍എമാരില്‍ സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുമായി ഇരുവരും കൈകൊടുത്ത് പിരിഞ്ഞതിന്റെ സൂചനയും തര്‍ക്കമില്ലാത്ത ഭരണ നേതൃതമുണ്ടാകും എന്നതാണ്. ശിവകുമാറിനൊപ്പം വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള ഒരു എംഎല്‍എയെ ഉപമുഖ്യമന്ത്രിയാക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്.
ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകയില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 136 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. ജെഡിഎസിന് വെറും 19 സീറ്റിലാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കാനായത്. ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോടും ഉടന്‍ ബംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തോല്‍വി സമ്മതിച്ച മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നും പറഞ്ഞു. കര്‍ണാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്‍ നിര്‍ത്തിയാണ് ബിജെപി മത്സരിച്ചതെന്ന വാദമുയര്‍ത്തി തോല്‍വിയുടെ ഭാരം നരേന്ദ്ര മോഡിയുടെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ആറ് ശതമാനം വോട്ടിന്റെ വര്‍ധന ഇത്തവണ കോണ്‍ഗ്രസിന് ഉണ്ട്. ജെഡിഎസിന്റെ ശക്തികേന്ദ്രമായ മൈസൂര്‍ മേഖലയില്‍ മാത്രം 61 ല്‍ 35 സീറ്റും കോണ്‍ഗ്രസ് നേടി. മധ്യ കര്‍ണാടകയില്‍ 25 ല്‍ 16 സീറ്റിലും ഹൈദരാബാദ് കര്‍ണാടകയില്‍ 41 ല്‍ 23 സീറ്റിലും വടക്കന്‍ കര്‍ണാടകയില്‍ 50 ല്‍ 32 സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റില്‍ 29 എണ്ണം ബിജെപി നേടിയപ്പോള്‍ ന്യൂനപക്ഷ മേഖലകളില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.