കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) സംഘടിപ്പിച്ച കലോത്സവം 2023 അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലും, പാക്കിസ്ഥാനി ഓക്സ്ഫോർഡ് സ്കൂളിലും രണ്ടുദിവസങ്ങളിലായി അരങ്ങേറി. അസോസിയേഷൻ അംഗങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരങ്ങൾ രാവിലെ 9 മുതൽ രാത്രി 11 മണി വരെ നീണ്ടുനിന്നു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി നിരവധി മത്സരാർത്ഥികളാണ് കലാമേളയിൽ പങ്കെടുത്തത്.
സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങൾ എന്ന രീതിയിൽ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ക്രയോൺ കളറിംഗ്, കഥാ കവിതാ രചനകൾ, തുടങ്ങിയ സ്റ്റേജിതരമത്സരങ്ങളും,
ഭരത നാട്യം, സ്മാർട് ആൻഡ് സ്മൈൽ, ആക്ഷൻ സോങ്ങ്, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, നാടൻ പാട്ട്, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് - മലയാളം പ്രസംഗം, ക്ലാസ്സിക് മ്യൂസിക്, കവിതാ പാരായണം, ഏകാഭിനയം, ഇൻസ്ട്രുമെന്റ് മ്യൂസിക് - കീബോഡ്, കരോക്കെ സിനിമാ ഗാനം, തിരുവാതിരകളി, സംഘനൃത്തം, മമ്മി & മി തുടങ്ങിയ മത്സരങ്ങളാണ് സ്റ്റേജിനങ്ങളിലൂടെ അരങ്ങേറിയത്.
അസോസിയേഷൻ പ്രസിഡന്റ് ആന്റോ പാണേങ്ങാടന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ, മുഖ്യാതിഥി ഫ്.എ.ഐ.പി.സ് ഡി.പി.സ് സ്കൂൾ പ്രിൻസിപ്പാൾ രവി അയനോളി കലോത്സവം 2023 ന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
കലാവിഭാഗം കൺവീനർ വിനോദ് ആറാട്ടുപുഴ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ട്രഷറർ ജാക്സൺ ജോസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. വനിതാ വേദി കൺവീനർ ഷെറിൻ ബിജു, കളിക്കളം കൺവീനർ മാനസ പോൾസൺ, ജോയ് ആലുക്കാസ് കുവൈറ്റ് റീജിയണൽ മാനേജർ വിനോദ് കുമാർ എന്നിവർ കലോത്സവത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കേന്ദ്ര ഭരണ സമിതി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു.
മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചവർക്കുള്ള ട്രാസ്‌ക് കലാകിരീടം ഫഹാഹീൽ ഏരിയ കരസ്ഥമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.