കൊച്ചി: കൊച്ചിയിലെ പുറംകടലില്‍ നിന്നും പിടികൂടിയ 15,000 കോടി രൂപയുടെ മയക്കുമരുന്നിന് പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പെന്ന് സ്ഥീരികരിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ലഹരി ചാക്കുകളിലെ ചിഹ്നങ്ങള്‍ ഹാജി സലിം ഗ്രൂപ്പിന്റേതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.
ലഹരി കടത്തിന് പിന്നില്‍ കൂടുതല്‍ രാജ്യാന്തര സംഘങ്ങള്‍ക്കും പങ്കെന്ന് എന്‍സിബി വ്യക്തമാക്കി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയതോതില്‍ ലഹരിമരുന്ന് കടല്‍ വഴി മറ്റിടങ്ങളിലേക്ക് കടത്തുന്ന സംഘം ആണ് ഹാജി സലീമിന്റേത്. മറ്റ് രാജ്യാന്തര റാക്കറ്റുകളുടെ സഹായം ലഹരി മരുന്നു കടത്താന്‍ ഹാജി സലീമിന് ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളെ കുറിച്ചും നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു..
മെത്താംഫെറ്റമിൻ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളില്‍ ഉല്‍പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി റോളക്‌സ്, ബിറ്റ്‌കോയിന്‍ മുദ്രകളുണ്ട്. പ്ലാസ്റ്റിക് പെട്ടികളില്‍ ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ പഞ്ഞിയുള്‍പ്പെടെ വെച്ച് ഭദ്രമായിട്ടാണ് മെത്താംഫെറ്റമിൻ പായ്ക്കു ചെയ്തിട്ടുള്ളത്. ദിവസങ്ങളോളം കടലില്‍ സൂക്ഷിക്കാവുന്ന വിധത്തിലുള്ളതായിരുന്നു പാക്കിങ്.
ഓരോ പെട്ടിയുടെയും മുകളിൽ ഉല്‍പാദിപ്പിച്ച കേന്ദ്രങ്ങളുടെ അടയാളമായി മുദ്രകള്‍ പതിച്ചിട്ടുണ്ട്. തേളിന്റെ ചിത്രമടങ്ങിയ മുദ്രയ്ക്ക് പുറമെ ബിറ്റ് കോയിന്‍, റോളക്‌സ് മുദ്രകളും പെട്ടിയിലുണ്ട്. മൂന്നിലേറെ ലഹരി നിര്‍മാണ ലാബുകളില്‍ നിര്‍മിച്ചതാണ് ലഹരി മരുന്നെന്നാണ് എന്‍സിബിയുടെ നിഗമനം. കഴിഞ്ഞ ദിവസമാണ് കൊച്ചി പുറംകടലില്‍ കപ്പലില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താംഫെറ്റമിൻ മയക്കുമരുന്ന് എന്‍സിബിയും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്.
നാവികസേനയും എന്‍സിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരി കടത്തുകാര്‍ ലഹരി മരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ ശ്രമിച്ചതായാണ് വിവരം. കപ്പല്‍ മുക്കിയ ശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ പാക്കിസ്ഥാന്‍ പൗരന്‍ സുബൈറിനെ ചോദ്യം ചെയ്ത് വരികയാണ്.
മുങ്ങിത്തുടങ്ങിയ കപ്പലില്‍ നിന്ന് ചാക്കുകളില്‍ സൂക്ഷിച്ച നിലയിലാണ് കിലോക്കണക്കിന് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പലില്‍ നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരി വേട്ടയാണ് കൊച്ചിയില്‍ നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.