മാഞ്ഞു പോകുന്ന കുടുംബ പ്രാർത്ഥന

മാഞ്ഞു പോകുന്ന  കുടുംബ പ്രാർത്ഥന

രണ്ടാഴ്ച മുമ്പ് പെങ്ങളുടെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണമായിരുന്നു. കൊറോണ കാലമായതിനാൽ അധികമാരും ഉണ്ടായിരുന്നില്ല.അഥിതികൾ പോയശേഷം ഞങ്ങൾ കുടുംബക്കാർ ഒരുമിച്ചിരുന്ന് സംസാരം തുടർന്നു. കുട്ടികൾ എല്ലാവരും പലതരം കളികളിലേർപ്പെട്ടു. ഓർമകൾ പലതും അയവിറക്കി. സമയം പോയതറിഞ്ഞില്ല. രാത്രിനൊന്നര മണിയായപ്പോൾ ഞങ്ങൾ എല്ലാവരും വീടുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പായി. പെട്ടന്നാണ് ഏവരേയും നിശബ്ദരാക്കിക്കൊണ്ട് അല്പം ദേഷ്യത്തോടെ പെങ്ങൾക്കുനേരെ അപ്പച്ചൻ്റെ സ്വരമുയർന്നത്:

"ഇന്ന്, ഈ വീട്ടിലെ മകൻ ആദ്യമായി ഈശോയെ സ്വീകരിച്ച ദിവസമാണ്. എന്തുകൊണ്ട് കുടുംബ പ്രാർത്ഥന ചൊല്ലുന്നില്ല? ഈ കുടുംബത്തിലെ മാതാപിതാക്കളായ നിങ്ങൾ നിങ്ങളുടെ കടമ മറന്നു പോയോ?" അപ്പച്ചൻ അല്പം ദേഷ്യത്തിൽ പറഞ്ഞതുകൊണ്ട് എല്ലാവർക്കും വിഷമമായി. "അപ്പച്ചാ, ഇതൊക്കെ സ്നേഹത്തോടെയും ശാന്തതയോടെയും പറഞ്ഞു കൂടെ" എന്ന് ഞാൻ അപ്പച്ചനോട് പറഞ്ഞു.

എന്തായാലും ആ രാത്രി അവിടെ നിന്നും പിരിയുന്നതിനുമുമ്പ് ഞങ്ങളെല്ലാവരും ഒരുമിച്ച് കുടുംബ പ്രാർത്ഥനചൊല്ലി. സ്തുതികൊടുത്ത്‌ സന്തോഷത്തോടെ പിരിഞ്ഞു. ഒരു കാര്യം സത്യമാണ്: അപ്പച്ചൻ അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ആ രാത്രി പെങ്ങളുടെ ഭവനത്തിൽ കുടുംബ പ്രാർത്ഥന ഉണ്ടാകുമായിരുന്നില്ല.

പല കൂദാശാ സ്വീകരണ സമയങ്ങളിലും, വീട്ടിൽ അതിഥികൾ എത്തുമ്പോഴും ആദ്യം ഉപേക്ഷിക്കപ്പെടുന്നത് കുടുംബ പ്രാർത്ഥനയാകും. കുടുംബത്തിലെ മുതിർന്ന ആളുകൾ ഓർമിപ്പിച്ചാലും പുതിയ തലമുറ ചിലപ്പോൾ ചെവിക്കൊള്ളണമെന്നില്ല. അതെ; സത്യമാണ്, മാതാപിതാക്കളുടെയും മുതിർന്നവരുടെയുമെല്ലാം പ്രവാചക ശബ്ദങ്ങൾ നിലച്ചുപോകുന്ന കാലഘട്ടമാണിത്. വിദേശത്തും വിദൂരത്തുമുള്ള മക്കൾ ഫോൺ വിളിച്ച് വിശേഷം ചോദിക്കുമ്പോൾ അനേകം കാര്യങ്ങൾ നമ്മൾ പറയാറുണ്ടല്ലോ? എന്നാൽ നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ, അവിടെ പള്ളിയിൽ പോകാറുണ്ടോ, കുമ്പസാരിക്കാറുണ്ടോ എന്നെല്ലാം ചോദിച്ചറിയുന്ന മാതാപിതാക്കൾ എത്രപേരുണ്ട്?

എന്തിനേറെ പറയുന്നു, കൂടെ താമസിക്കുന്ന മക്കളും ജീവിത പങ്കാളിയുമൊക്കെ അവസാനമായി കുമ്പസാരിച്ചതും കുർബാന സ്വീകരിച്ചതും ഓർക്കുന്നവർ തന്നെ ചുരുക്കം. ഇവിടെയാണ് താക്കീതിൻ്റെയും ഓർമപ്പെടുത്തലിൻ്റെയും ശബ്ദമായ് മുഴങ്ങുന്ന സ്നാപക യോഹന്നാൻമാരുടെ ആവശ്യം.

"മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ്‌ ഏശയ്യാപ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്‌: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍" (മത്തായി 3 :2-3).

സ്നാപകൻ്റെ ഈ വാക്കുകൾ നമ്മുടെ ഹൃദയങ്ങളിലും ഇടിമുഴക്കം പോലെ പതിക്കട്ടെ.

ഫാദർ ജെൻസൺ ലാസലെറ്റ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.