വത്തിക്കാൻസിറ്റി: ലോകം മുഴുവനുമുള്ള എല്ലാ അമ്മമാരെയും കന്യകാമറിയത്തിന് സമർപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാതൃദിനത്തിൽ തടിച്ചുകൂടിയ എല്ലാ അമ്മമാരോടും ഈ ദിനം ആഘോഷമാക്കാൻ പാപ്പ പറഞ്ഞു. ഇന്ന് പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നു. ഇപ്പോഴും കൂടെയുള്ളവരും സ്വർഗത്തിൽ പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടെയും സ്നേഹത്തോടെയും സ്മരിക്കാം. ഞങ്ങൾ അവരെ യേശുവിന്റെ അമ്മയായ മറിയത്തെ ഭരമേൽപ്പിക്കുന്നെന്ന് പാപ്പ പറഞ്ഞു.
യുദ്ധത്തിലും അക്രമത്തിലും മുറിവേറ്റ യുക്രെയിനിന്റെയും എല്ലാ രാഷ്ട്രങ്ങളുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ കന്യാമറിയത്തോട് ആവശ്യപ്പെടാനും മാർപാപ്പ പറഞ്ഞു. ഇസ്രായേലികൾക്കും ഫലസ്തീനികൾക്കുമിടയിൽ ഫലപ്രദമായ വെടിനിർത്തലിനുവേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി.
സ്ത്രീകളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള പങ്കിനെക്കുറിച്ച് സമൂഹത്തെ പാപ്പ ഉദ്ബോധിപ്പിച്ചു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻസിന്റെ (WUCWO) നേതൃത്വത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. 1500 ലധികം സ്ത്രീകൾ റാലിയിൽ പങ്കെടുത്തു.
WUCWOയുടെ സ്ഥാപക തത്വങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് സ്ത്രീകൾ ആത്മാവിനാൽ ഉണർത്തപ്പെടുമെന്ന് മാർപ്പാപ്പ പറഞ്ഞു. അനീതി, ദാരിദ്ര്യം പോലുള്ള പലതരം പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ നിങ്ങൾ മനസിലാക്കണം. അവരുടെ വിഷമങ്ങൾ കേട്ട് അവർക്ക് ആശ്വാസം നൽകണമെന്നും പാപ്പ സൂചിപ്പിച്ചു.
സമാധാനം ആരംഭിക്കുന്നത് ഹൃദയത്തിലാണ്
നമ്മുടെ ലോകത്തിന് സമാധാനത്തിന്റെ ആവശ്യമുണ്ട്. അത് വെറുപ്പും വിദ്വേഷവും നിറഞ്ഞ നമ്മുടെ ഹൃദയങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടത്. രാഷ്ട്രീയ തർക്കങ്ങൾക്കും സാംസ്കാരിക പ്രശ്നങ്ങൾക്കും ഇടയിൽ അകപ്പെടുന്നത് സ്ത്രീകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ പലതരം വെല്ലുവിളികളും ഭീഷണിയും നേരിടുന്നുണ്ട്.
സ്ത്രീകളുടെ കഴിവിനെ കൂടുതൽ വിലമതിക്കേണ്ടത് ആവശ്യമാണ്. മനുഷ്യ വ്യക്തിത്വത്തെ കൂട്ടിയോജിപ്പിക്കുന്നത് സ്ത്രീകളാണ്. പുരുഷന്മാർ ഇത് മനസ്സിലാക്കേണ്ടതുണ്ട്. കുടുംബത്തിലും സമൂഹത്തിലും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള സ്ത്രീകളുടെ പങ്ക് വലുതാണെന്നും പാപ്പ പറഞ്ഞു.
ജീവിതം സൃഷ്ടിക്കുകയും മറ്റുള്ളവരെ പരിപാലിക്കുകയും ചെയ്യുന്നു
സ്ത്രീകൾ കന്യക മറിയത്തെ ജീവിതത്തിന്റെ മാതൃകയായി കാണണം. പരിശുദ്ധ അമ്മ തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി മാതൃത്വത്തിന്റെ സമ്മാനം ലോകത്തിന് വാഗ്ദാനം ചെയ്തു. സഭയിൽ തന്റെ കുട്ടികളെ പരിപാലിക്കാനുള്ള ചുമതല വിശ്വസ്തതയോടെ ഇപ്പോഴും നിർവഹിക്കുന്നു. സ്ത്രീകൾക്ക് ഉചിതമായത് ചിന്തിക്കാനും ചെയ്യാനുമുള്ള കഴിവുണ്ട്. മറ്റുള്ളവരെ എപ്പോഴും സേവിക്കുന്ന സ്ത്രീകളുടെ ജീവിതം മഹത്വരമാണ്.
ക്രിസ്തുവുമായുള്ള ഐക്യത്തിൽ കാണപ്പെടുന്ന ജീവിതത്തിന്റെ പൂർണ്ണത
ഫാത്തിമയിൽ പരിശുദ്ധ കന്യക ഇടയ കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും മാർപ്പാപ്പ സംസാരിച്ചു. ശിഷ്യത്വത്തിന്റെ രഹസ്യം ദൈവവുമായുള്ള ആന്തരിക ഐക്യം വളർത്തിയെടുക്കുന്നതിലും അവനുമായി ഏകീകൃതമായി നിലകൊള്ളുന്നതിലും അടങ്ങിയിരിക്കുന്നു. മറിയത്തെപ്പോലെ ദൈവത്തിന്റെ രക്ഷാകർതൃ വേല നിർവഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ അവബോധത്തോടെ സ്ത്രീകൾ ജീവിക്കണം.
ക്രിസ്തുവുമായുള്ള ഐക്യം സഭയുമായുള്ള കൂട്ടായ്മയിലൂടെയും മറ്റുള്ളവർക്കുള്ള സേവനത്തിലൂടെയും സ്ത്രീകളുടെ ജീവിതത്തിൽ പ്രകടമാകണം. സഭയുടെ ദൗത്യവുമായി പൊരുത്തപ്പെടുന്നതിന് ജോലിക്കിടയിൽ പ്രാർത്ഥിക്കണം. പ്രാർത്ഥനയിൽ നിങ്ങൾ അനുഭവിച്ച കാര്യങ്ങൾ ജീവിത്തതിൽ പ്രവർത്തികമാക്കണമെന്നും മാർപ്പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.