കോണ്‍ഗ്രസ് ചരിത്ര വിജയം ആഘോഷിക്കുമ്പോള്‍ കര്‍ട്ടന് പിന്നിലിരുന്ന് കനുഗൊലു മനസില്‍ പറഞ്ഞു; 'ഫസ്റ്റ് ഓപ്പറേഷന്‍ ഈസ് സക്‌സസ്'

കോണ്‍ഗ്രസ് ചരിത്ര വിജയം ആഘോഷിക്കുമ്പോള്‍ കര്‍ട്ടന് പിന്നിലിരുന്ന് കനുഗൊലു മനസില്‍ പറഞ്ഞു; 'ഫസ്റ്റ് ഓപ്പറേഷന്‍ ഈസ് സക്‌സസ്'

ബംഗളുരു: പ്രതീക്ഷിച്ചതിലും കവിഞ്ഞ വിജയം നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലേക്ക് വരാനൊരുങ്ങുമ്പോള്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പലരും അവകാശപ്പെടുന്നു. എന്നാല്‍ പിന്നണിയിലിരുന്ന് കൃത്യമായി കരുക്കള്‍ നീക്കിയ വ്യക്തി ഇപ്പോഴും മുഖ്യധാരാ ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടില്ല. സുനില്‍ കനുഗൊലു എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ആണത്.

കര്‍ണാടക സ്വദേശിയായ സുനില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ വലം കൈയായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനായി സോണിയ ഗാന്ധി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സില്‍ അംഗം കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നവരില്‍ പ്രമുഖനാണ് കനുഗൊലു.

224 അംഗ നിയമസഭയില്‍ 130 ലധികം സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ചത്. സൗജന്യ വൈദ്യുതി, അരി, സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങി ജനക്ഷേമകരമായ പ്രഖ്യാപനങ്ങളാണ് ഈ വിജയത്തിന് പിന്നിലെ ചാലക ശക്തി. എന്നാല്‍ ഈ വാഗ്ദാനങ്ങളടങ്ങിയ തിരഞ്ഞെടുപ്പ് പ്രകടന പത്രിക രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് നാല്‍പ്പത്തിയൊന്നുകാരനായ സുനില്‍ കനുഗൊലു.

കര്‍ണാടക തിരഞ്ഞെടുപ്പിനായി കനുഗൊലുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒരു സംഘം രൂപീകരിച്ച് നേരത്തേ സര്‍വേ ആരംഭിച്ചിരുന്നു. പാര്‍ട്ടിക്ക് വിജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമായി.

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും തിരിച്ചു വരവിന് കാരണമായ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗൊലു ഉണ്ടായിരുന്നു. യാത്രയുടെ സമയത്ത് കര്‍ണാടകയില്‍ കനുഗൊലുവിന്റെ നേതൃത്വത്തില്‍ സ്‌കാന്‍ ബോര്‍ഡ് വച്ച് 'പേ സിഎം' എന്ന ക്യാമ്പയിന്‍ നടത്തി. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാക്കാന്‍ ഈ പ്രചാരണത്തിലൂടെ സാധിച്ചു.

അമിത് ഷായ്ക്ക് ഒപ്പമായിരുന്നു സുനിലിന്റെ തുടക്കം. 2012 മുതല്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍. തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിനും സഹായകമായി. ബിജെപി വിട്ട് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ കനുഗൊലുവും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ വന്നില്ലെങ്കിലും കനുഗൊലു കോണ്‍ഗ്രസിന്റെ ഭാഗമായി. ആദ്യം ലഭിച്ച ചുമതല തന്നെ വിജയിച്ച ആത്മവിശ്വാസത്തിലാണ് സുനില്‍ കനുഗൊലു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.