വത്തിക്കാന്‍ സിറ്റി: റെഡ് ക്രോസ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാനുഷിക സഹായ സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ പുതിയ പ്രസിഡന്റായി ടോക്യോ ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ ഈസാവോ കികുച്ചി തിരഞ്ഞെടുക്കപ്പെട്ടു. മെയ് 11 മുതല്‍ പതിനാറു വരെ റോമില്‍ നടന്ന അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പൊതുസമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
200 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 162 കാരിത്താസ് സംഘടനകളെ പ്രതിനിധീകരിച്ച് നാനൂറോളം അംഗങ്ങള്‍ പങ്കെടുത്ത പൊതു അസംബ്ലിയിലാണ് അടുത്ത നാല് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. സെക്രട്ടറി ജനറലിനെയാണ് ഇനി തിരഞ്ഞെടുക്കാനുള്ളത്.
ജപ്പാനില്‍നിന്ന് ആഫ്രിക്കയിലെത്തിയ ആദ്യത്തെ മിഷനറി പുരോഹിതനായിരുന്നു ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ കികുച്ചി. അവിടെ ഒരു കാരിത്താസ് അഭയാര്‍ത്ഥി ക്യാമ്പില്‍ സേവനം അനുഷ്ഠിച്ച് തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനം 30 വര്‍ഷത്തിലേറെയായി തുടരുകയാണ്.
കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ പ്രസിഡന്റ് എന്ന നിലയില്‍ 200 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 160-ലധികം കത്തോലിക്കാ സന്നദ്ധ സംഘടനകളെ അദ്ദേഹം നയിക്കും. 2019 മുതല്‍ കാരിത്താസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ പിന്‍ഗാമിയായാണ് ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ കികുച്ചി ചുമതലയേല്‍ക്കുന്നത്.
സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡ് അംഗമായ അദ്ദേഹം ഘാനയില്‍ 13 വര്‍ഷം മിഷനറി പുരോഹിതനായിരുന്നു. ഘാനയിലെ ഗ്രാമീണ മേഖലയില്‍ വൈദ്യുതിയും വെള്ളവും പോലുമില്ലാത്ത ഒരു ഇടവകയിലായിരുന്നു താന്‍ എത്തിപ്പെട്ടതെന്ന് മെയ് 14 ന് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. 'അന്നത്തെ പ്രയാസമേറിയ അനുഭവങ്ങള്‍ തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചു. നിരവധി ആളുകള്‍ ശരിയായ മരുന്ന് ലഭിക്കാതെ മരിക്കുന്നതിനും എയ്ഡ്സിന്റെ വ്യാപനത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. എങ്കിലും ആ പ്രതിസന്ധി ഘട്ടങ്ങളില്‍ ആളുകള്‍ പരസ്പരം പിന്തുണച്ചതും അതിലൂടെ പ്രത്യാശ സൃഷ്ടിച്ചതും കണ്ട് താന്‍ ആശ്ചര്യപ്പെട്ടിരുന്നു - അദ്ദേഹം പറഞ്ഞു.
1999 ല്‍ ആഫ്രിക്കന്‍ മിഷനില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡിന്റെ പ്രാദേശിക മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു.
2004-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ബിഷപ്പായി നിയമിച്ചത്. 2007 മുതല്‍ 2022 വരെ കാരിത്താസ് ജപ്പാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം 1999 മുതല്‍ 2004 വരെ കാരിത്താസ് ഇന്റര്‍നാഷണലിസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2011 മുതല്‍ 2019 വരെ കാരിത്താസ് ഏഷ്യ പ്രസിഡന്റായിരുന്നു.
2017-ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് കികുച്ചിയെ ടോക്യോ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്. നിലവില്‍ അദ്ദേഹം ജാപ്പനീസ് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സസിന്റെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26