ആയിരം കോടിയുടെ പുതിയ വായ്പകളുമായി കെഫ്‌സി വിപണിയിലേക്ക്

ആയിരം കോടിയുടെ പുതിയ വായ്പകളുമായി കെഫ്‌സി വിപണിയിലേക്ക്

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അവതരിപ്പിക്കുന്നു. ഈ വർഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപക്ക് പുറമെയാണിത്. ആയിരം കോടി രൂപയും കുടി ആകുമ്പോൾ ഈ വർഷം മൊത്തം വായ്പാ വിതരണം 3450 കോടി രൂപ ആകും. കഴിഞ്ഞ വർഷം മൊത്തത്തിൽ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടത്തിലെത്തുക എന്ന് കെഫ്‌സിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ തച്ചങ്കരി ഐപിസ് അറിയിച്ചു. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ, ഉദാരമായ വായ്പകൾ നല്കാൻ മടിച്ചു നില്കുന്നിടത്താണ് , കെഫ്‌സി യുടെ ഈ ആകർഷകമായ നീക്കം.

ബാങ്കുകൾ പ്രാഥമിക ഈടു കൂടാതെ കൊളാട്ടെറൽ സെക്യൂരിറ്റി കൂടി വാങ്ങുമ്പോൾ, കെ.എഫ്.സി. ഉദാരവും ലളിതവുമായ സമീപനമാണ് ഇതിൽ സ്വീകരിക്കുന്നത്. തന്മൂലം ഈട് കുറവുള്ള സംരംഭകർക്കും എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിന് കാരണമാകുന്നു. സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത സംരംഭകർക്ക് ഇനി മുതൽ തേർഡ് പാർട്ടി സെക്യൂരിറ്റിയും കെഫ്‌സി യിൽ നൽകാം. നിയമങ്ങളിൽ അതിനുള്ള മാറ്റം വരുത്തിയതായി കെഫ്‌സി അറിയിച്ച. യാതൊരു ഈടും ഇല്ലാതെയാണ് കെ എഫ് സി ഒരു ലക്ഷം വരെയുള്ള വായ്പകൾ സംരംഭക വികസന പദ്ധതിയിൽ അനുവദിക്കുന്നത്. ഇതിൽ പതിനായിരത്തിൽപരം അപേക്ഷകൾ ഇതുവരെ ലഭിച്ചു കഴിഞ്ഞു. ഇതൊക്കെ കൂടാതെയാണ് സാധാരണ സ്കീമിൽ ആയിരം കോടി രൂപ കൂടി പുതിയതായി കെ. എഫ്. സി. അനുവദിക്കുന്നത്.

ഇപ്പോഴുള്ള സംരംഭകർക്ക് കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നൽകുന്ന ഇരുപതു ശതമാനം 'അധിക വായ്പാ പദ്ധതി' യുടെ കാലാവധി അടുത്ത വർഷം മാർച്ച്‌ 31 വരെ നീട്ടി. പ്രസ്തുത പദ്ധതിയിൽ ഇതുവരെ 379 സംരഭർക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകർക്കു അവരുടെ വായ്‌പകൾ പുനക്രമീകരിക്കാനും അവസരം നൽകും. പലിശ കുടിശികൾ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടക്കാനുള്ള സൗകര്യവും നൽകും. കോവിഡിന്റെ പശ്ചാത്തലത്തിൽ, ബാങ്കുകളെപോലെ, കെ.എഫ്.സി യും വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ദിനം പ്രതി പലിശ തിരിച്ചടവ് വരുമാനത്തിൽ തുശ്ചമായ തുക ലഭിക്കുമ്പോൾ, വായ്പാ വിതരണം വഴി ദിവസവും ചിലവഴിക്കുന്നത് കോടികളാണ്. ചിലരെങ്കിലും വിചാരിക്കുന്നത് പോലെ, സർക്കാർ പണമല്ല കെ.എഫ്.സി വായ്പയായി വിതരണം ചെയ്യുന്നത്. ബാങ്കുകളിൽനിന്നും, മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്താണ് സംരംഭകകർക്ക് കെ.എഫ്.സി പണം നൽകുന്നത്. കോവിഡ് കാലത്തും, ബാങ്കുകൾ കെ.എഫ്.സിക്ക് ഇളവുകളോ, മോറട്ടോറിയമോ അനുവദിച്ചിട്ടില്ല. മോറാട്ടോറിയത്തിനും കൂട്ടുപലിശ ഇളവുകൾക്കുമായി കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് അനുവദിച്ചുകൊടുത്ത സഹായങ്ങൾ ഒന്നും തന്നെ കെ.എഫ്.സിക്ക് ലഭിച്ചതുമില്ല. എന്നിട്ടും മേല്പറഞ്ഞ ആനുകൂല്യങ്ങൾ , കെ.എഫ്.സി, സംരംഭർക്ക് നൽകുയുണ്ടായെന്നു സിഎം ഡി അറിയിച്ചു.

പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ കോർപറേഷന്റെ വായ്പ തിരിച്ചടവിൽ വർധന ഉണ്ടായി. മുമ്പുള്ള മാസങ്ങളിൽ 60 കോടി രൂപ തിരിച്ചു കിട്ടുമായിരുന്നപ്പോൾ , കഴിഞ്ഞ നവംബര് മാസം ഇത് 100 കോടി കവിഞ്ഞു. ഏകദേശം 18,500 പേരുടെ വിവരങ്ങൾ സിബിലിൽ ഇതുവരെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. അതായതു 95% പേരുടെയും വിവരങ്ങൾ കൈമാറി. കേരള സർക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ, വ്യക്തി വിവരങ്ങൾ സിബിലി നു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെ ഫ് സി. മുൻ കാലങ്ങളിൽ സിനിമ വ്യവസായത്തിന് നൽകിയ വായ്പകൾ ഭൂരിഭാഗവും കിട്ടാകടമായി മാറിയിരുന്നു. എന്നാൽ, തീയറ്ററുകൾ നിശ്ചലമായ വേളയിൽ സിനിമാ വ്യവസായത്തിനു ഉണർവേകാൻ, പ്രൊഡ്യൂസേർസ് അസോസിയേഷനുമായി സഹകരിച്ചു, വ്യവസ്ഥകളോടെ സിനിമകൾക്കുള്ള വായ്പകൾ പുനരാരം ഭിക്കുവാനും കെഫ്‌സി തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.