കൊച്ചി: സീറോ മലബാർ സഭ അതിന്റെ വളർച്ചയുടെ ഏറ്റവും നിർണായക സമയത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സഭാപിതാവാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രാർത്ഥന കൊണ്ടും, സഹനം കൊണ്ടും, കൂട്ടായ്മ കൊണ്ടും സഭാസംവിധാനം സജീവമാക്കിയ മാര്‍ ആലഞ്ചേരിയുടെ നേതൃത്വം സീറോ മലബാർ സഭയ്ക്ക് നല്‍കുന്നത് പുത്തനുണർവാണ്.
സീറോ മലബാര്‍ സഭയിലെ ഏറ്റവും ശക്തനായ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാറിയതിന്റെ സൂചനകളാണ് 2023 ജനുവരി 31 ന് കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം സഭാ വിഷയങ്ങളിൽ ധീരമായി നിലപാട് സ്വീകരിച്ച മാർ ജോർജ് ആലഞ്ചേരിക്ക് പൂർണ്ണ പിന്തുണ നൽകിയത്. സീറോ മലബാർ സഭയെ അതിവേഗം ആത്മീയവും തലമുറമാറ്റപരവുമായ പുരോഗതിയിലേക്കു നയിച്ച വലിയ ഇടയനായി വിശ്വാസികൾ ആലഞ്ചേരി പിതാവിനെ കാണുന്നു. ഇന്റർ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ക്രൈസ്തവ സഭകളുടെ ഐക്യം കാത്തു സൂക്ഷിക്കുന്നതില്‍ വളരെ മുന്നോട്ട് പോകാനായത് കേരളത്തിലെ സഭകള്‍ തമ്മിലുളള സൗഹൃദം ഏറെ വര്‍ദ്ധിപ്പിക്കാനിടയായി.
വ്യക്തിപരമായ അധിക്ഷേപം വരെ നേരിട്ടിട്ടും സീറോമലബാർ സഭയ്‌ക്ക് വേണ്ടിയുള്ള തന്റെ നിലപാടുകളിൽ ഉറച്ചു നില്‍ക്കുകയും ചെയ്തതാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിജയം. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ നിലപാടുകൾക്ക് മാർപാപ്പയും സിനഡും വിശ്വാസികളും നൽകുന്നത് പൂർണ്ണ പിന്തുണയാണ്. മൗനത്തിന് വലിയ അര്‍ത്ഥങ്ങളുണ്ടെന്ന് എപ്പോഴും പറയാറുള്ള മാര്‍ ആലഞ്ചേരി ഒടുവില്‍ മൗനം തന്നെ ആയുധമാക്കി എതിര്‍പ്പുകളെ കാറ്റില്‍ പറത്തുകയായിരുന്നു.
വിമർശനങ്ങളെ ക്ഷമ കൊണ്ടും പ്രശംസകളെ പ്രസന്നത കൊണ്ടും കാണുന്ന മനോഭാവവും സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊളളുന്ന ഹൃദയവും വിശുദ്ധിയുള്ള ഇടയശ്രേഷ്ഠനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. നിർമ്മലനും കളങ്കമില്ലാത്തവനെന്നും പറഞ്ഞു കൊണ്ട് തനിക്ക് അനുകൂലമായ വിധികൾ ആഗോള സഭാ ആസ്ഥാനത്തു നിന്നും പോലും വരുമ്പോഴും സന്യാസതുല്ല്യമായി നിശ്ശബ്ദനായി നിലകൊള്ളുന്നു. പിതാവിന്റെ എല്ലാവരാലുമുള്ള സ്വീകാര്യത തന്നെ സഭയിലെ ഏറ്റവും വലിയ സാക്ഷ്യമാണ്. എല്ലാവരേയും ഒരുമിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനമാണ് ആലഞ്ചേരി പിതാവിന്റെ ദര്‍ശനം.
തന്റെ ആരോഗ്യം പോലും വകവയ്ക്കാതെ 2011 മുതൽ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലുള്ള അശ്രാന്തമായ പരിശ്രമത്തിന്റെയും മിഷനറി യാത്രകളുടെയും ഫലമായിട്ടാണ് 2017 ഒക്ടോബർ 10-ന് സീറോ മലബാർ സഭയ്ക്ക് പൂർണ്ണമായ അഖിലേന്ത്യാ ശുശ്രൂഷാധികാരം കൈവന്നത്. കേരളത്തിൽ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സീറോ മലബാർ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലും പരിശ്രമം വഴിയായും ആഗോള സഭയായി വളർന്നു. ഒരു നൂറ്റാണ്ടിൽ പോലും കൈവരിക്കാൻ ബുദ്ധിമുട്ടുന്ന വലിയ നേട്ടങ്ങളാണ് ചുരുങ്ങിയ കാലത്തിനിടയിൽ (12 വർഷം) സീറോ മലബാർ സഭ മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയത്.
ഇന്ന് ഈ സഭക്ക് നാലു ഭൂഖണ്ഡങ്ങളിൽ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളിൽ മിഷനുകളും ഉണ്ട്. സീറോ മലബാർ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവൻ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകൾക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സീറോ മലബാർ സഭ നിലകൊള്ളുന്നു. സഹനത്തിന്റെയും ക്ഷമയുടെയും വഴിയിലൂടെയുള്ള ആലഞ്ചേരി പിതാവിന്റെ നീക്കങ്ങള്‍ നിരവധി പ്രശ്നങ്ങളും, പ്രതിസന്ധികളും അതിജീവിക്കുവാന്‍ സഭയ്ക്ക് കരുത്ത് നല്‍കി. സഭാപിതാവ് എന്ന നിലയിൽ പിതാവിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് തന്റെ ബോധ്യങ്ങള്‍ക്കപ്പുറം സിനഡിന്റെയും, വിശ്വാസികളുടെയും തീരുമാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവും മൂല്യവും നല്‍കിയുളള പ്രയാണമാണ്.
സഭയുടെ വളര്‍ച്ചയ്ക്കും ഉന്നതിക്കും കൂട്ടായ്മക്കും വേണ്ടി സ്വന്തം പ്രതിച്ഛായ പോലും നോക്കാതെ ആരാധനാക്രമ ഏകീകരണം നടപ്പാക്കിയത് പിതാവിന്റെ നിശ്ചയദാർഢ്യമാണ്. സീറോ മലബാര്‍ സഭയുടെ ഐക്യത്തിന്റെ സന്ദേശമായി ആരാധനാക്രമ ഏകീകരണത്തെ കാണാൻ സഭയുടെ അംഗങ്ങൾക്ക് കഴിയണം. എന്തായായും കഴിഞ്ഞ അര നൂറ്റാണ്ടിനിടെ സീറോ മലബാര്‍ സഭ കണ്ട കര്‍ദ്ദിനാള്‍മാരില്‍ വിശ്വാസ സമൂഹത്തിന്റെ ഏറ്റവും പിന്തുണയുള്ള സഭാപിതാവായി മാറിയിരിക്കുകയാണ് മാര്‍ ആലഞ്ചേരി. എല്ലാവരേയും മനസ്സിലാക്കാനുളള ഹൃദയം കൊണ്ടും, ജീവിതസാക്ഷ്യം കൊണ്ടും, ശുശ്രൂഷാ കൊണ്ടുമാണ് യേശുവിനെ മുന്നോട്ട് വയ്ക്കേണ്ടതെന്ന് ആലഞ്ചേരി പിതാവ് തെളിയിച്ചു.
സുറിയാനി കത്തോലിക്കാ സഭയുടെ (സീറോ മലബാർ സഭ) ഏറ്റവും മഹാനായ അധ്യക്ഷനായി മാർ ജോർജ് ആലഞ്ചേരി പിതാവ് ചരിത്രത്തിൽ എക്കാലവും അറിയപ്പെടും. അദ്ദേഹത്തിന്റെ ശുശ്രൂഷാ കാലഘട്ടത്തിൽ തന്നെ സഭയിൽ പൂർണ്ണമായ ആരാധനാ ഐക്യവും സഭയ്ക്ക് പാത്രിയാർക്കൽ പദവിയും കൈവരട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. അദ്ദേഹത്തിന്റെ നേതൃശുശ്രൂഷ വഴിയായി വരും വർഷങ്ങളിൽ നമ്മുടെ സീറോ മലബാർ സഭാ കൂടുതൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
(സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26