നൈജീരിയയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ഇസ്ലാമികതീവ്രവാദ സംഘടനയായ ബോക്കോഹറാം

നൈജീരിയയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ഇസ്ലാമികതീവ്രവാദ സംഘടനയായ ബോക്കോഹറാം

അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ നൂറുകണക്കിന് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ തങ്ങളാണെന്ന് ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ അവകാശപ്പെട്ടു. ജിഹാദി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചതിന്റെ തെളിവായി ഇത്തരം പ്രവർത്തനങ്ങളെ നിരീക്ഷകർ കാണുന്നു.

വടക്കുകിഴക്കൻ നൈജീരിയയിലെ ബോക്കോ ഹറാമിന്റെ ശക്തികേന്ദ്രത്തിൽ നിന്നും നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള കട്സിന സംസ്ഥാനത്തെ ഓൾ-ബോയ്സ് ഗവൺമെന്റ് സയൻസ് സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച വൈകി നടന്ന ആക്രമണത്തിന് ശേഷം 333 വിദ്യാർത്ഥികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

“ഞാൻ അബുബക്കർ ഷെകാവാണ്, ഞങ്ങളുടെ സഹോദരന്മാരാണ് കട്സിനയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ,” ബോക്കോ ഹറാമിന്റെ നേതാവ് ഒരു ശബ്ദ സന്ദേശത്തിൽ പറഞ്ഞു. “കട്സിനയിൽ സംഭവിച്ചത് ഇസ്‌ലാമിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്‌ലാമികേതര സമ്പ്രദായങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനുമാണ്, കാരണം പാശ്ചാത്യ വിദ്യാഭ്യാസം അല്ലാഹുവും അദ്ദേഹത്തിന്റെ പ്രവാചകനും അനുവദിച്ച വിദ്യാഭ്യാസമല്ല “ ,ബോക്കോഹറാം നേതാവ് തട്ടിക്കൊണ്ടു പോകലിന്റെകാരണം വ്യക്തമാക്കി.

നൈജീരിയയിൽ നാനൂറിലധികം സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയി

മോട്ടോർ സൈക്കിളുകളിലായി നൂറിലധികം തോക്കുധാരികൾ കങ്കാര പട്ടണത്തിന്റെ വടക്ക് ഗ്രാമീണ സ്കൂളിൽ അതിക്രമിച്ച് കയറി, വിദ്യാർത്ഥികളെ സ്‌കൂളുകളിൽ നിന്നും ഇറക്കി കൊണ്ട് വന്ന് ചുറ്റുമുള്ള മുൾപടർപ്പിൽ ഒളിച്ചിരിക്കാൻ നിർബന്ധിച്ചു. നിരവധി ആൺകുട്ടികൾക്ക് രക്ഷപ്പെടാൻ സാധിച്ചുവെങ്കിലും പലരെയും പിടികൂടി ഗ്രൂപ്പുകളായി വിഭജിച്ച് കൊണ്ടുപോയതായി സ്‌കൂൾ ജീവനക്കാർ പറഞ്ഞു.

വടക്കുകിഴക്കൻ നൈജീരിയയിലെ ചിബോക്കിൽ 2014 ൽ 276 പെൺകുട്ടികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയതിനുശേഷം സോഷ്യൽ മീഡിയയിൽ ഉപയോഗിച്ച സമാനമായ ഹാഷ്‌ടാഗിനെ പരാമർശിച്ച് #BringBackOurBoys എന്ന ഹാഷ് ടാഗ് പ്രചാരത്തിലാവുകയാണ് ഇപ്പോൾ.

മോചനദ്രവ്യം ലഭിക്കുവാനായി നടത്തുന്ന തട്ടിക്കൊണ്ടുപോകൽ സാധാരണമായ ഈ പ്രദേശത്ത് വെള്ളിയാഴ്ച നടന്ന ആക്രമണം അത്തരത്തിൽ ഉള്ള കൊള്ള സംഘങ്ങൾ ആസൂത്രണം ചെയ്തതാവാം എന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തിയതായും സൈനിക നടപടി നടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.

പ്രസിഡണ്ട് മുഹമ്മദു ബുഹാരി ആക്രമണത്തെ അപലപിക്കുകയും സ്കൂളുകളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു .കട്സിനയിൽ എല്ലാ സ്കൂളുകളും അടയ്ക്കുകയും ചെയ്തു.

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ജിഹാദി ഗ്രൂപ്പുകളുടെ മുന്നേറ്റത്തിൽ ചൊവ്വാഴ്ചത്തെ തട്ടിക്കൊണ്ടു പോകൽ ഒരു പ്രധാന വഴിത്തിരിവായി. നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് ബോക്കോ ഹറാമും പശ്ചിമാഫ്രിക്ക പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISWAP) ഗ്രൂപ്പും ശക്തമായ സാന്നിധ്യം അറിയിക്കുന്നു. പക്ഷെ അവർക്ക് വടക്കുപടിഞ്ഞാറൻ ഭാഗത്ത് ചെറിയ സാന്നിധ്യം മാത്രമേ ഉള്ളൂ. ഈ മേഖലയിലേക്ക് ജിഹാദികൾ അതിക്രമിച്ചു കയറുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചു വരുകയാണിപ്പോൾ.

ബോക്കോ ഹറാമിനെതിരായ പോരാട്ടത്തെ ബുഹാരി സർക്കാർ പ്രഥമപരിഗണന നൽകി വരുന്നു . എന്നാൽ വടക്കൻ നൈജീരിയയിലെ സുരക്ഷാ സാഹചര്യം 2015 ലെ തിരഞ്ഞെടുപ്പിന് ശേഷം വഷളായി. ശനിയാഴ്ച കട്സിന പ്രദേശത്ത് സന്ദർശനം നടത്തിയ സംസ്ഥാന ഗവർണറെ പ്രകോപിതരായ ഗ്രാമവാസികൾ ഭീഷണിപ്പെടുത്തി. അതേസമയം പ്രതിരോധമന്ത്രി ബഷീർ സാലിഹി-മഗാഷിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധി സംഘത്തെ പ്രതിഷേധക്കാർ സ്വീകരിക്കുകയും ചെയ്തു.

“ തങ്ങളിൽ നിന്ന് ആകെ 520 പേരെ തോക്കുധാരികൾ സ്കൂളിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്ന് തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ വിദ്യാർത്ഥികളിൽ ഒരാളായ ഒസാമ അമിനു മാലെ പറയുന്നു. "അവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയതിനുശേഷം ഞങ്ങളെ ബസിനുള്ളിൽ നിർത്തി അവിടെ മുതിർന്ന വിദ്യാർത്ഥികളെ കൊണ്ട് വിദ്യാർത്ഥികളുടെ തലയെണ്ണം എടുപ്പിച്ചു. ഞങ്ങൾ 520 എണ്ണം കണക്കാക്കി," അമിനു പറഞ്ഞു. അമിനുവും മറ്റ് നാല് പേരും രക്ഷപ്പെടുന്നതിന് മുമ്പ് ബന്ദികളെ ഗ്രൂപ്പുകളായി വിഭജിച്ചു. തുടർച്ചയായ ഉള്ള ഉപദ്രവങ്ങൾ കാരണം അമിനുവിന് സംഘത്തിന്റെകൂടെ സഞ്ചരിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് രക്ഷപെടുവാൻ അവസരം ലഭിക്കുകയായിരുന്നു.

2009 ൽ വടക്കുകിഴക്കൻ നൈജീരിയയിലാണ് ബോക്കോ ഹറാം കലാപം ആരംഭിച്ചത്. കാമറൂൺ, ചാഡ് എന്നിവയുൾപ്പെടെയുള്ള അയൽദേശങ്ങളിലേക്കു പിന്നീട് വ്യാപിക്കുകയായിരുന്നു. നൈജീരിയയിൽ 36,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷം പേർ വീടുകളിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.