കണ്ണൂര്‍: അഴിമതി ആരോപണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം പറയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കമ്പനികളെക്കൊണ്ട് പ്രതിപക്ഷത്തിനെതിരെ വക്കീല്‍ നോട്ടീസ് അയപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് വഴിവിട്ട് കരാര്‍ നേടിയ എസ്.ആര്‍.ഐ.ടി കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് തന്നെയും രമേശ് ചെന്നിത്തലയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കണ്ണൂര്‍ ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കൂടുതല്‍ അഴിമതികള്‍ കൂടി പുറത്ത് വരാനുണ്ട്. അത്കൂടി വന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.
ഭീഷണിപ്പെടുത്തായാലും ആരോപണങ്ങള്‍ പിന്‍വലിക്കില്ലെന്നും ടെന്‍ഡര്‍ ഡോക്യുമെന്റിന് വിരുദ്ധമായ നടപടികളാണ് കരാറിന്റെ ആദ്യാവസാനം നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് നോട്ടീസ് അയച്ച കമ്പനിക്ക് നല്‍കിയിരിക്കുന്നത്. കള്ളക്കമ്പനികളെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടന്നും കോടതിയില്‍ പോയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം പുറത്തുവിട്ട ഏതെങ്കിലും ഒരു രേഖ വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കുമോയെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയാണ് കരാര്‍ നല്‍കിയത്. അതുകൊണ്ട് മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നും അല്ലാതെ പാര്‍ട്ടി സെക്രട്ടറിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
50 കോടി രൂപയില്‍ തീരാവുന്ന പദ്ധതിയുടെ ടെന്‍ഡര്‍ തുക 151 കോടിയായി ഉയര്‍ത്തുകയും മെയിന്റനന്‍സിനായി 66 കോടി മാറ്റിവയ്ക്കുകയും ചെയ്തു. മറ്റ് രണ്ട് കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് മത്സരം ഇല്ലാതാക്കി ഉയര്‍ന്ന തുകയ്ക്കാണ് എസ്.ആര്‍.ഐ.റ്റി കരാര്‍ നേടിയെടുത്തത്. ടെന്‍ഡര്‍ ഡോക്യുമെന്റില്‍ നിര്‍ദ്ദേശിക്കുന്നതു പോലെ ഈ മൂന്ന് കമ്പനികള്‍ക്കും സാങ്കേതികത്തികമോ സാമ്പത്തികമോയായ ഭദ്രതയോ ഇല്ലെന്നും പ്രധാന പ്രവൃത്തികളൊന്നും ഉപകരാര്‍ നല്‍കരുതെന്ന വ്യവസ്ഥയും ഈ വിഷയത്തില്‍ ലംഘിച്ചെന്നും അദേഹം ആരോപിച്ചു.
ഇപ്പോള്‍ നോട്ടീസ് അയച്ച കമ്പനി മറ്റു കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി ആറു ശതമാനം കമ്മീഷനായ ഒന്‍പത് കോടി നോക്ക് കൂലിയും വാങ്ങി പദ്ധതിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. പദ്ധതി നടപ്പാക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള പ്രസാഡിയോയാണ്. ഈ കമ്പനിക്കും ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറയുന്ന ഒരു യോഗ്യതയുമില്ല. പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭവിഹിതം നല്‍കുമ്പോള്‍ ഒന്നും ചെയ്യാതെ മാറി നില്‍ക്കുന്ന പ്രസാഡിയോ 60 ശതാമാനം ലാഭം കൈപ്പറ്റുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ടെന്‍ഡറില്‍ ബ്രോക്കറായാണ് എസ്.ആര്‍.ഐ.ടി പ്രവര്‍ത്തിച്ചത്. പണം മുടക്കാതെ മാറി നിന്ന് 60 ശതമാനം ലാഭം കൈപ്പറ്റുന്ന പ്രസാഡിയോയാണ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നടത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ ക്യാമറ അഴിമതി അന്വേഷണത്തിനായി ചുമതലപ്പെടുത്തിയ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ എത്ര ആഴ്ചയായെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അവധിയില്‍ പോയിരിക്കുകയാണെന്നും പറഞ്ഞു. ഏത് ഏജന്‍സി അന്വേഷിച്ചാലും സര്‍ക്കാരിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കാനാകില്ല. അത്രമാത്രം നിയമലംഘനങ്ങളും കരാര്‍ ലംഘനങ്ങളുമാണ് നടന്നത്. ഇതു തന്നെയാണ് കെ ഫോണുമായി ബന്ധപ്പെട്ടു നടന്നിരിക്കുന്നതും. സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും പോലെ അഴിമതി ക്യാമറ ഇടപാടും കെ ഫോണ്‍ അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്നതടക്കമുള്ള ആരോപണങ്ങള്‍ ഓരോന്നായി എണ്ണി പറയുകയായിരുന്നു അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.