ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഓരോ വര്‍ഷവും വേണ്ടത് 50,000 കോടി രൂപ. അധികാരത്തില്‍ എത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നാണ് പ്രചാരണ സമയത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ഗൃഹജ്യോതി-എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹലക്ഷ്മി- വീട്ടിലെ കുടുംബനാഥയ്ക്ക് 2000 രൂപ, അന്നഭാഗ്യ- ബി.പി.എല്‍ കുടുംബങ്ങളിലെ ഓരോ അംഗത്തിനും എല്ലാ മാസവും 10 കിലോ അരി, യുവനിധി- തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമയുള്ളവര്‍ക്ക് 1,500 രൂപയും. 18-25 പ്രായപരിധിയിലുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക്, ശക്തി- കര്‍ണാടകയിലുടനീളം സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര എന്നിവയായിരുന്നു അഞ്ച് വാഗ്ദാനങ്ങള്‍.
ഈ അഞ്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രതിവര്‍ഷം 50,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയുടെ കരട് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫസര്‍ കെ.ഇ രാധാകൃഷ്ണ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ 50,000 കോടി രൂപ ദാനമല്ല, ശാക്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതൊരു നല്ല സമ്പദ് വ്യവസ്ഥയുടെയും വരുമാനത്തിന്റെ 60 ശതമാനമെങ്കിലും സുസ്ഥിര വികസനത്തിനാണ് ചെലവഴിക്കുന്നത്. ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനും ശാക്തീകരണ പരിപാടികള്‍ നടപ്പിലാക്കുന്നതിനുമായി ചെലവഴിക്കുന്നുവെന്നും രാധാകൃഷ്ണ പറഞ്ഞു.
അന്നഭാഗ്യ നിലവിലുള്ള പദ്ധതിയുടെ വിപുലീകരണമാണ്. തങ്ങള്‍ നേരത്തെ ഏഴ് കിലോ അരിയാണ് നല്‍കിയിരുന്നത്. ബിജെപി അത് അഞ്ച് കിലോയായി കുറച്ചു. ഇപ്പോഴത് 10 കിലോ ആക്കാനാണ് ആഗ്രഹിക്കുന്നത്.
ഗൃഹലക്ഷ്മി പദ്ധതി പ്രകാരം 2000 രൂപ നല്‍കുന്നത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബ നാഥകള്‍ക്കാണ്. ഇത് പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിയാണെന്ന് രാധാകൃഷ്ണ പറഞ്ഞു.
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്നത് തൊഴിലാളികളായ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംസ്ഥാനത്തെ സാമ്പത്തിക പാപ്പരത്തത്തിലേക്ക് തള്ളിവിടുമെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.