ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യ ലേപനവും ആഘോഷിച്ച് ദുബായ് സീറോമലബാര്‍ സമൂഹം

ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യ ലേപനവും ആഘോഷിച്ച് ദുബായ് സീറോമലബാര്‍ സമൂഹം

ദുബായ്: ക്രിസ്തീയ ജീവിതത്തിന്റെ നാഡീവ്യൂഹമായ കൂദാശകളില്‍ പ്രാധാന്യമുള്ളതാണ് വിശുദ്ധ കുര്‍ബാനയും തൈലാഭിഷേകവും. ദുബായിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും തൈലാഭിഷേകവും മെയ് പതിമൂന്നിന് ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബാനയോടെ നടത്തപ്പെട്ടു.

ഭക്തിനിര്‍ഭരവും ആഘോഷപൂര്‍വ്വവുമായ പാട്ടു കുര്‍ബാനയില്‍, ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോഴിപ്പാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

നൂറോളം കുട്ടികളാണ് കൂദാശകള്‍ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്. പ്രാര്‍ത്ഥനകളും ജപങ്ങളും പഠിപ്പിച്ച് ഒരുക്കുവാനും കുമ്പസാരിപ്പിച്ച് അവരെ തയാറാക്കുവാനും ഒന്നര മാസത്തോളം പരിശീലനം നല്‍കി. യേശുവിനെ ആദ്യമായി സ്വീകരിക്കുവാന്‍ തയ്യാറായി വന്ന കുട്ടികളും തൈലാഭിഷേകം സ്വീകരിക്കാന്‍ വന്നവരും തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്ന വേഷവിധാനങ്ങളില്‍ എത്തിയത് വളരെ ഉത്സാഹ ഭരിതരായിട്ടായിരുന്നു.

ആദ്യ കുര്‍ബാനയും തൈലാഭിഷേകവും സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ദേവാലയം നിറഞ്ഞ് വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. 1600ഓളം കുട്ടികള്‍ വേദപാഠം പഠിക്കുന്ന ദുബായ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ ഏകദേശം 75 ഓളം അധ്യാപകരും 50 ഓളം സന്നദ്ധരായ വോളണ്ടിയേഴ്‌സും ഉണ്ട്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രണ്ട് ബാച്ചുകളില്‍ ആണ് സീറോ മലബാര്‍ വേദപാഠ പരിശീലനം ദുബായില്‍ നടക്കുന്നത്.

സീറോ മലബാര്‍ ദുബായില്‍ വേദപാഠ പഠിക്കുന്ന കുട്ടികള്‍ക്കായി സെലസ്റ്റിയല്‍ ബെല്ലുകള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന വാര്‍ഷിക ആഘോഷം മെയ് ഇരുപത്തിയെട്ടിന് രാവിലെ 8.30 മുതല്‍ നടക്കും. കൂടാതെ സമ്മര്‍ ഫെസ്റ്റ് 2023 എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള കലാ മത്സരങ്ങള്‍ ഈ അവധിക്കാലത്ത് നടത്തും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ വിപിന്‍ വര്‍ഗീസ് അറിയിച്ചു.

ഹെഡ് മാസ്റ്റര്‍ വിപിന്‍ വര്‍ഗീസ്, സ്റ്റീഫന്‍ ജോയ്, ബെന്നി തോമസ്, സോണി മനോജ്, പ്രീതി വര്‍ഗീസ്, മിനു അരുണ്‍, മറ്റ് മതബോധന അധ്യാപകര്‍ എന്നിവരും ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ഒരുക്കള്‍ക്കും ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കി.

പ്രസിഡന്റ് മനോജ് തോമസിന്റെയും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള ദുബായ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പിന്തുണയോടെയാണ് ആഘോഷ പരിപാടികള്‍ നടത്തപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.