ബംഗളൂരു: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഡി.കെ ശിവകുമാറായിരിക്കും ഏക ഉപമുഖ്യമന്ത്രി. കെ.സി വേണുഗോപാലും രണ്‍ദീപ് സിങ് സുര്‍ജേവാലയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ശിവകുമാര്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്കൊപ്പം നിന്നുവെന്നും ടേം വ്യവസ്ഥയില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. ഡി.കെ ശിവകുമാര്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. രണ്ട് പേര്‍ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അവര്‍ക്ക് അതിന് യോഗ്യതയും ഉണ്ട്. ഭാരത് ജോഡോ യാത്രയുടെ ബാക്കിപത്രമാണ് കര്‍ണാടകയില്‍ വിജയം നേടാന്‍ കഴിഞ്ഞത്. രാഹുല്‍ ഗാന്ധിക്ക് നന്ദി പറയുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും നന്ദി പറയുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു.
ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി.കെ ശിവകുമാറിന് നല്‍കിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കര്‍ണാടക പിസിസി അധ്യക്ഷനായി ഡി.കെ തുടരും. ശനിയാഴ്ച ആയിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാര്‍ കൂടി അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് ആരൊക്കെയാണെന്ന് വ്യക്തമല്ല.
മുഖ്യമന്ത്രി പദത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ഡി.കെ സോണിയാ ഗാന്ധിയുടെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യയ്ക്കും ബാക്കി മൂന്നുവര്‍ഷം ശിവകുമാറിനും നല്‍കാമെന്ന ഹൈക്കമാന്‍ഡിന്റെ പരിഹാര ഫോര്‍മുല ശിവകുമാര്‍ ആദ്യമേ തള്ളി. ഇതോടെ മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയിലാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സോണിയ നേരിട്ട് ഇടപെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.