ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി സുപ്രീം കോടതി ശരിവച്ചു

ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്ന് സുപ്രീം കോടതി.ഇതോടെ, തമിഴ്‌നാട്ടില്‍ കാളകളെ മെരുക്കുന്ന കായിക വിനോദമായ ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം ആചാരങ്ങള്‍ നടപ്പാക്കേണ്ടതെന്ന് നിരീക്ഷിച്ചു. ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമപരമായി വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി രവികുമാര്‍ എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്. ജെല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇതോടെ ജെല്ലിക്കട്ടിന് അനുമതി നല്‍കുന്ന നിയമം ശരിവയ്ക്കുകയായിരുന്നു സുപ്രീംകോടതി.

തമിഴ്നാട്ടിലെ പൊങ്കല്‍ കൊയ്ത്തുത്സവത്തില്‍ പരമ്പരാഗതമായി കളിക്കുന്ന ജെല്ലിക്കെട്ട് കാളയെ മെരുക്കുന്ന ഒരു കായിക വിനോദമാണ്. ഇതിനെ 'എരുത്താഴുവതല്‍' എന്നും വിളിക്കുന്നു. യുവാക്കള്‍ കഴിയുന്നത്ര നേരം കാളയില്‍ തൂങ്ങിക്കിടന്ന് അതിനെ മെരുക്കാന്‍ ശ്രമിക്കുന്നതാണ് കായിക വിനോദം.

കാളകളുടെ ക്ഷേമം ഉറപ്പാക്കാന്‍ ആവശ്യമായ തീറ്റയും വെള്ളവും നല്‍കണം, മൂര്‍ച്ചയുള്ള വസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിച്ചവയെ നേരിടാന്‍ പാടില്ലെന്നു തുടങ്ങിയവ പാലിക്കപ്പെടണമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.