കര്‍ണാടകയില്‍ സത്യപ്രതിജ്ഞാ ശനിയാഴ്ച: പിണറായിക്കും കെജ്രിവാളിനും ക്ഷണമില്ല; ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും

കര്‍ണാടകയില്‍ സത്യപ്രതിജ്ഞാ ശനിയാഴ്ച: പിണറായിക്കും കെജ്രിവാളിനും ക്ഷണമില്ല; ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും

ബംഗളൂരു: കര്‍ണാടകയില്‍ ശനിയാഴ്ച്ച നടക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെങ്കിലും പിണറായി വിജയനൊപ്പം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ചടങ്ങില്‍ ഒഴിവാക്കി. 

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

പിറണായി വിജയനെ ഒഴിവാക്കിയെങ്കിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ നേതാവ് ഡി.രാജയെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ക്ഷണിച്ചു. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വെള്ളിയാഴ്ച്ച രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കും.

സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം വ്യാഴാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. ഡി.കെ. ശിവകുമാര്‍ സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രിയാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ ശിവകുമാര്‍ പിസിസി പ്രസിഡന്റായി തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. 

ഉപമുഖ്യമന്ത്രിപദത്തിന് പുറമെ ആഭ്യന്തരം, ഊര്‍ജം, ജലശക്തിയടക്കം നിര്‍ണായക വകുപ്പുകളും ശിവകുമാറിന് നല്‍കും. രണ്ടരവര്‍ഷം വീതമുള്ള ടേം വ്യവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ടേം വ്യവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരസ്യപ്പെടുത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.