കെ.ജെ ജോര്‍ജും യു.ടി ഖാദറും അടക്കം 25 മന്ത്രിമാരുടെ പട്ടികയുമായി സിദ്ധരാമയ്യയും ഡി.കെയും ഡല്‍ഹിയില്‍

കെ.ജെ ജോര്‍ജും യു.ടി ഖാദറും അടക്കം 25 മന്ത്രിമാരുടെ പട്ടികയുമായി സിദ്ധരാമയ്യയും ഡി.കെയും ഡല്‍ഹിയില്‍

ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെശിവകുമാറും ഡല്‍ഹിയിലെത്തി. നാളെ ഉച്ചയ്ക്ക് 12.30-നാണ് സത്യപ്രതിജ്ഞ. അതിനാല്‍ ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാരുടെ പട്ടികയും വകുപ്പ് വിഭജനവും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

സമ്പൂര്‍ണ മന്ത്രിസഭയാകും നാളെ സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് അറിയുന്നത്. മന്ത്രിസഭയില്‍ 25 നും 30 നും ഇടയില്‍ അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കര്‍ണാടകത്തിന്റെ പാര്‍ട്ടി ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരുമായിട്ടാണ് ഡല്‍ഹിയില്‍ ഇന്ന് സിദ്ധരാമയ്യയും ഡി.കെ.യും കൂടിക്കാഴ്ച നടത്തുക.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രധാന നേതാക്കളെ ആദ്യ ഘട്ടത്തില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ഈ തീരുമാനം ബിജെപി വിട്ടെത്തിയ ജഗദീഷ് ഷെട്ടാറിന് തിരിച്ചടിയാകും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും. ഷെട്ടാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും എംഎല്‍സിയിലൂടെ തിരഞ്ഞെടുത്ത് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ അവഗണിച്ച് ഷെട്ടാറിനെ പരിഗണിച്ചാല്‍ പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന അനിഷ്ടം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഡല്‍ഹിക്ക് തിരിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ സിദ്ധരാമയ്യയെ കാണാനായി ജഗദീഷ് ഷെട്ടാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.

മന്ത്രിസസ്ഥാനം ആവശ്യപ്പെട്ട് ചില എംഎല്‍എമാര്‍ പരസ്യപ്രസ്താനകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പുറമെ മത-സാമുദായിക പരിഗണനകളും പാര്‍ട്ടിക്ക് തലവേദനയാണ്.

അതേസമയം മുന്‍ കെപിസിസി അധ്യക്ഷന്‍ ജി.പരമേശ്വര, ലിംഗായത്ത് നേതാവ് എംബി പാട്ടീല്‍, വടക്കന്‍ കര്‍ണാടകയിലെ ശക്തനായ നേതാവ് സതീഷ് ജാര്‍ക്കിഹോളി, മലയാളികളായ കെ.ജെ ജോര്‍ജ്, യു.ടി ഖാദര്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ജി.പരമേശ്വരയും എം.ബി.പാട്ടീലും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചവരായിരുന്നു. എന്നാല്‍ ഡി.കെ.ശിവകുമാറിനെ അനുയയിപ്പിക്കുന്ന ഫോര്‍മുലയെ തുടര്‍ന്നാണ് ഏക ഉപമുഖ്യമന്ത്രി എന്ന തീരുമാനത്തിലെത്തിയത്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതില്‍ ജി.പരമേശ്വര പരസ്യപ്രതികരണവും നടത്തുകയുണ്ടായി.

എന്നാല്‍ ദളിത് നേതാവാണെന്നതും 2018 ല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി പരിചയമുണ്ടെന്നതും പ്രധാനവകുപ്പ് ലഭിക്കാന്‍ പരമേശ്വരയ്ക്ക് അനുകൂല ഘടകങ്ങളാണ്. എട്ട് വര്‍ഷം കെപിസിസി പ്രസിഡന്റായിരുന്ന നേതാവുകൂടിയാണ് അദ്ദേഹം.

പ്രമുഖ ലിംഗായത്ത് മുഖമാണെന്നത് പാട്ടീലിന്റെ സാധ്യത ശക്തമാക്കുന്നു. 2018 ലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായും 2013 ലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ളത് അനുകൂല ഘടകങ്ങളാണ്. പാര്‍ട്ടിയിലെ സൗമ്യമുഖങ്ങളില്‍ ഒരാളായ എം.ബി. പാട്ടീലിന് ഇത്തവണയും മികച്ചവകുപ്പ് ലഭിച്ചേക്കും.

കിട്ടൂര്‍ കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന നേതാവാണെന്നത് സതീഷ് ജാര്‍ക്കിഹോളിക്ക് അനുകൂലമാണ്. മുതിര്‍ന്ന നേതാവ് കെ.എച്ച് മുനിയപ്പ, മുന്‍ പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു, ഈശ്വര്‍ ഖാന്ദ്രേ, എച്ച്.സി മഹാദേവപ്പ എന്നിവരും മന്ത്രിമാരായേക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിനോദ സഞ്ചാരവകുപ്പ് മന്ത്രിയായി മികച്ച പ്രകടനം നടത്തിയതും ദളിത് നേതാവായതും പ്രിയങ്ക് ഖാര്‍ഗെയ്ക്ക് സാധ്യത കൂട്ടുന്നു.

മത, സാമുദായിക, പ്രാദേശിക പരിഗണനകള്‍ നല്‍കുന്നതിനൊപ്പം നേതാക്കളുടെ സീനിയോറിറ്റിയും മന്ത്രിസഭാ രൂപീകരണത്തില്‍ പരിഗണനയ്ക്ക് വരും. കോണ്‍ഗ്രസിന്റെ 135 എംഎല്‍എമാരില്‍ 25 ലേറെ പേര്‍ അഞ്ചാം തവണ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇവരെല്ലാം മന്ത്രിസ്ഥാന മോഹവുമായി രംഗത്തുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.