കണമല-കൊല്ലം ദുരന്തങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കണമല-കൊല്ലം ദുരന്തങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും കുറ്റകരമായ അനാസ്ഥയുടെ പരിണിത ഫലമായാണ് കണമലയിലും കൊല്ലത്തും ദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും, വിലപ്പെട്ട മനുഷ്യ ജീവനുകള്‍ വന്യജീവികള്‍ക്ക് പന്താടുവാന്‍ അനുവദിക്കുന്ന വനം വകുപ്പ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കിലോമീറ്ററുകളോളം ജനവാസ മേഖലയിലേക്ക് ഇറങ്ങിവന്ന് വന്യജീവികള്‍ക്ക് മനുഷ്യരെ കൊല്ലുവാനുള്ള സാഹചര്യം നിലനിര്‍ത്തുന്നത് കിരാതവും കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന്റെ നിയമപരവും ധാര്‍മ്മീകപരവുമായ ഉത്തരവാദിത്വം വനം വകുപ്പിനാണ്.

ഇത്രയധികം ദുരന്തങ്ങള്‍ ഉണ്ടായിട്ടും ഇത് തടയുന്നതിനാവശ്യമായ പുതിയ നിയമ നിര്‍മ്മാണങ്ങള്‍ കൊണ്ടു വരുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്. ഇതിലെ അന്തര്‍ദേശീയ താല്പര്യങ്ങള്‍ അന്വേഷിക്കണം. മനുഷ്യനെ ഉപദ്രവിക്കുന്ന വന്യജീവികളെ വെടിവയ്ക്കുവാന്‍ നിയമം അനുവദിക്കുന്നു എന്നിരിക്കെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യ ജീവികളെ വെടി വെക്കുന്നതിനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കണം എന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 1972 ലെ വനം - വന്യജീവി സംരക്ഷണ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ ഉണ്ടാവുകയും വന്യജീവി സംരക്ഷണ നിയമം വൈല്‍ഡ് ലൈഫ് മാനേജ്‌മെന്റ് പോളിസിയിലേക്ക് പൊളിച്ചെഴുതുകയും വേണം.

കണമലയിലും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ചാക്കോച്ചന്‍, തോമസ്, വര്‍ഗീസ് എന്നിവര്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി അനുശോചനം രേഖപ്പെടുത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും അലംഭാവവും , അനാസ്ഥയും തുടരുകയാണെങ്കില്‍ കേരളമൊട്ടാകെയും, സെക്രട്ടറിയേറ്റ് വളഞ്ഞും കര്‍ഷക പ്രതിഷേധ ജ്വാല സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം പ്രസ്താവിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഖജാന്‍ജി ഡോ. ജോബി കാക്കശ്ശേരി, മറ്റുഭാരവാഹികളായ ഡോ. ജോസ്‌കുട്ടി.ജെ ഒഴുകയില്‍, രാജേഷ് ജോണ്‍, ടെസി ബിജു, ഡോ. കെ.എം ഫ്രാന്‍സീസ്, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. ചാക്കോ കാളാംപറമ്പില്‍, ബെന്നി ആന്റണി, ജോര്‍ജ് കോയിക്കല്‍, ജോമി ഡോമിനിക്, സിജോ ഇലന്തൂര്‍, തോമസ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.