2,000 രൂപ നോട്ട് പിൻവലിച്ചു; സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാം

2,000 രൂപ നോട്ട് പിൻവലിച്ചു; സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാം

ന്യൂഡൽഹി: 2000 രൂപയുടെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 2000ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്.

നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. സെപ്റ്റംബർ 30 ന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ വ്യക്തമാക്കി.

2018-ന് ശേഷം 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആർ.ബി.ഐ. അറിയിച്ചു. 2000ത്തിന്റെ നോട്ടുകൾ അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. മറ്റു നോട്ടുകൾ നിലവിൽ യഥേഷ്ടം ലഭ്യമാണ്. അതുകൊണ്ട് 2000ത്തിന്റെ നോട്ടുകളുടെ അച്ചടി 2018 - 19 ൽ നിർത്തിവച്ചെന്ന് ആർ.ബി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി.

2016 നവംബർ എട്ടിനാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചത്. തുടർന്ന് 500 ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകൾ അവതരിപ്പിച്ചു. നോട്ടുകൾ മാറ്റിയെടുക്കാൻ അന്ന് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുമ്പിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. നോട്ട് നിരോധത്തിനെതിരെ പ്രതിപക്ഷ പാർട്ടികളടക്കം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഏറെ ചർച്ചചെയ്യപ്പെട്ട നോട്ട് നിരോധനത്തിനു ശേഷം അവതരിപ്പിച്ച 2000 ത്തിന്റെ നോട്ടുകളാണ് ഇപ്പോൾ പിൻവലിച്ചിട്ടുള്ളത്.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.