തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്.
നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിയ്ക്കാന്‍ സാര്‍വത്രികമായ ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ ഊന്നുന്ന നവകേരള നിര്‍മ്മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെ ഫോണ്‍ മാറും. കെ ഫോണ്‍ പദ്ധതി ടെലികോം മേഖലയിലെ കോര്‍പ്പ റേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതുസര്‍ക്കാരിന്റെ ജനകീയ ബദല്‍കൂടിയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവന ദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകള്‍ വഴി എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡ് മറികടക്കാന്‍ സഹായകമാവുമെന്ന് പിണറായ ചൂണ്ടിക്കാട്ടി.
കെ-ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.
കെ ഫോണ്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ ഗവേര്‍ണന്‍സ് സാര്‍വത്രികമാക്കുന്നതിനും പദ്ധതി സഹായകമാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.