ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക, 'സ്വയം പ്രഖ്യാപിത വിശ്വഗുരു'വിന്റെ സ്ഥിരം പതിവ്: പരിഹാസവുമായി ജയറാം രമേശ്

ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക, 'സ്വയം പ്രഖ്യാപിത വിശ്വഗുരു'വിന്റെ സ്ഥിരം പതിവ്: പരിഹാസവുമായി ജയറാം രമേശ്

ന്യൂഡല്‍ഹി: രാജ്യത്ത് 2,000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് 'സ്വയം പ്രഖ്യാപിത വിശ്വഗുരു'വിന്റെ സ്ഥിരം പതിവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഒളിയമ്പെയ്ത് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2016 നവംബര്‍ എട്ടിലെ തുഗ്ലക്ക് പരിഷ്‌കാരത്തിന് ശേഷം കൊട്ടിഘോഷിച്ച് അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ പിന്‍വലിക്കുകയാണെന്നും അദ്ദേഹം അദേഹം അഭിപ്രായപ്പെട്ടു.

നോട്ട് പിന്‍വലിച്ച നടപടിയില്‍ വന്‍ ട്രോളുകളും വിമര്‍ശനവുമാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമെതിരെ ഉയരുന്നത്. നോട്ടു നിരോധനം പരാജയമായിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഈ നടപടിയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍.ബി.ഐ ഉത്തരവിറക്കിയത്.

നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം. അതുവരെ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും.

മെയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടു നിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍.ബി.ഐ പറയുന്നത്. നിലവില്‍ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കറന്‍സി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഇപ്പോള്‍ ആര്‍ബിഐയുടെ വിശദീകരണം.

2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2,000 രൂപ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാല്‍, 2000 നോട്ടിന്റെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അന്ന് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ സാഹചര്യം നിരവധി പേരുടെ മരണത്തിനും പൊലീസ് മര്‍ദനത്തിനും പ്രതിഷേധത്തിനും വഴിവച്ചിരുന്നു. നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും എട്ടു മാസത്തിനിടെ ബാങ്കുകളില്‍ തിരികെയെത്തുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.