'ഇടതുപക്ഷ സര്‍ക്കാരല്ല കമ്മീഷന്‍ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്'; രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

'ഇടതുപക്ഷ സര്‍ക്കാരല്ല കമ്മീഷന്‍ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്'; രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരല്ല കമ്മീഷന്‍ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അരി ചാമ്പാന്‍ അരിക്കൊമ്പനും ചക്ക ചാമ്പാന്‍ ചക്കക്കൊമ്പനുമുണ്ടെങ്കില്‍ കേരളം ചാമ്പാന്‍ ഇറങ്ങിയിരിക്കുന്നത് ഇരട്ടച്ചങ്കനാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസ് അങ്ങേയറ്റം നിഷ്‌ക്രിയമായി മാറിയിരിക്കുകയാണ്.

കേരളത്തില്‍ ഒരു നിയമസംവിധാനം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടുള്ള യുഡിഎഫ് സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. താനൂരിലെ ബോട്ടപകടത്തില്‍ ഉത്തരവാദി സര്‍ക്കാരാണ്. താനൂര്‍ ഭരിക്കുന്നത് അധോലോകമാണെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി. ബോട്ടപകടത്തിന്റെ ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പറയണം. കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി ഒഴുകുകയാണ്. ഹൈസ്‌കൂള്‍ തലത്തില്‍ പോലും ചരസ് വില്‍പ്പന നടക്കുന്നുണ്ട്.

എല്ലാകാലവും ഐക്യ ജനാധിപത്യ മുന്നണി സമാധാനം പാലിക്കില്ലെന്നും വലിയ സമരത്തിന് യുഡിഎഫ് രൂപം കൊടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സര്‍ക്കാരാണെന്ന് സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ടുള്ള സമരവേദിയില്‍ രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു. സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് വളയല്‍ സമരങ്ങളുടെ ആദ്യഘട്ടമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എഐ ക്യാമറ വിവാദത്തില്‍ വ്യവസായ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല. റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലെറിയും. ഉച്ചയ്ക്ക് ശേഷം വിശദമായ വാര്‍ത്ത സമ്മേളനം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.