തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച വിദ്യാര്‍ത്ഥിനിയുടെ പേര് വെട്ടി എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി വിശാഖ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജി.ജെ ഷൈജുവിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി. ഷൈജു സര്‍വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കേരള സര്‍വകലാശാല വി.സി ഡോ. മോഹന്‍ കുന്നുമ്മേല്‍ പറഞ്ഞു.
ഷൈജുവിനെ അധ്യാപക സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനോട് ശുപാര്‍ശ ചെയ്യും. സര്‍വകലാശാലയെ കബളിപ്പിച്ചതിന് പൊലീസില്‍ പരാതി നല്‍കും. ആള്‍മാറാട്ടം നടത്തിയ വിശാഖിനെതിരെയും പരാതി കൊടുക്കും. തിരഞ്ഞെടുപ്പ് ചെലവുകള്‍ ഷൈജുവില്‍ നിന്ന് ഈടാക്കും. പരീക്ഷ അടക്കമുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും വി.സി വ്യക്തമാക്കി.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളജില്‍ നിന്നും അയച്ച യുയുസി ലിസ്റ്റ് പരിശോധിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പരിശോധിക്കും. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് സര്‍വകലാശാലയ്ക്ക് പരിമിതിയുണ്ട്.
തിരഞ്ഞെടുപ്പിന്റെ പിറ്റേന്നു തന്നെ ഫലം സര്‍വകലാശാലയെ അറിയിക്കണം. കാട്ടാക്കട കോളജ് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല. യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ അവസരമുണ്ടാകും. ഇതിനുശേഷമാകും യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പെന്നും വി.സി ഡോ. മോഹന്‍ കുന്നുമ്മേല്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.