പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒരു കോടിയോളം വില വരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചു. ആരോഗ്യവകുപ്പിന്റേതാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപ വിലമതിക്കുന്ന യൂണിറ്റാണ് എലി കരണ്ട് നശിച്ചത്.
2021 മാര്‍ച്ച് മൂന്നിനാണ് സാംസങ് കമ്പനി പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി നല്‍കുന്നത്. ആ വര്‍ഷം തന്നെ ഒക്ടോബര്‍ 21 നാണ് എലി കടിച്ച് എക്സറേ യൂണിറ്റ് കേടായി എന്ന വിവരം ജീവനക്കാര്‍ സൂപ്രണ്ടിനെ അറിയിച്ചത്.
മാര്‍ച്ചില്‍ ആശുപത്രിയില്‍ ലഭിച്ചതാണെങ്കിലും എക്സ്റേ യൂണിറ്റ് ഒരിക്കല്‍ പോലും ഉപയോഗിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തി മാസങ്ങള്‍ കഴിയും മുന്‍പ് തന്നെ യന്ത്രത്തിന് കേടുപറ്റി. അധികൃതരുടെ അനാസ്ഥയാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം പൂര്‍ണമായും ആശുപത്രിക്കാണ്.
സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്. എന്നാല്‍ അധികൃതരുടെ വീഴ്ചയെ സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടിലില്ല.
എലി കരണ്ട ഉപകരണം നന്നാക്കുന്നതിനായി 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണ് നിലവില്‍. നൂറ് കണക്കിന് എക്സറേ കേസുകള്‍ അനുദിനം എത്തുന്ന ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായ രണ്ട് എക്സറേ യൂണിറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.