കനത്ത മഴയില്‍ ബംഗളൂരു നഗരം വെള്ളത്തില്‍; വെള്ളക്കെട്ടില്‍ മുങ്ങിയ കാറില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

കനത്ത മഴയില്‍ ബംഗളൂരു നഗരം വെള്ളത്തില്‍; വെള്ളക്കെട്ടില്‍ മുങ്ങിയ കാറില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ബംഗളുരു: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബംഗളൂരു നഗരം വെള്ളത്തില്‍. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്.

കര്‍ണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെആര്‍ സര്‍ക്കിളിലെ അടിപ്പാതയിലാണു ഭാനു സഞ്ചരിച്ച കാറ് മുങ്ങിപ്പോയത്. യുവതിയ്ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ ഭാനുവിനെ രക്ഷിക്കാന്‍ ദുരന്ത നിവാരണ സേന ശ്രമം നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനു രേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങള്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം ബംഗളൂരുവില്‍ കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ഉച്ച തിരിഞ്ഞ് മൂന്നു മണി മണിയോടെയാണ് അതിശക്തമായ മഴ പെയ്തത്.

മഴ ബുധനാഴ്ച്ച വരെ തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. വിവിധയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.