കുവൈറ്റ് സിറ്റി: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ ഭേദഗതി ചെയ്ത് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം.ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. വിവിധ തരത്തിലുളള ലൈസന്‍സുകളെ ബാധിക്കുന്നതാണ് തീരുമാനം. ലൈസൻസുകളുടെ കാലാവധി സംബന്ധിച്ചാണ് പ്രവാസികളെ ബാധിക്കുന്ന മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
സ്വകാര്യ കാറുകൾ, ടാക്സികൾ, ട്രാൻസ്പോർട്ട് കാറുകൾ എന്നിവ ഓടിക്കുന്നതിന് നൽകുന്ന സ്പെഷ്യൽ മാർക്കറ്റ് ലൈസൻസുകളുടെ സമയപരിധി കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കും 15 വർഷമാണ്. എന്നാല്‍ കുവൈറ്റികളല്ലാത്തവർക്ക് ഇത് ഒരു വർഷമായി ചുരുക്കി.
രണ്ട് തരത്തിലാണ് പൊതു മാർക്കറ്റ് ലൈസന്‍സുകള്‍ നല്‍കുന്നത്. 25-ൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, അപകടകരമായ വസ്തുക്കൾ കടത്തുന്നതിനുള്ള വാഹനങ്ങൾ തുടങ്ങിയ വാഹനങ്ങളാണ് കാറ്റഗറി 'എ'യില്‍ ഉള്‍പ്പെടുന്നത്. 7 മുതൽ 25 വരെ യാത്രക്കാരെ വഹിക്കുന്ന പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങളും 2 ടണ്ണിൽ കൂടുതൽ 8 ടൺ വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളും കാറ്റഗറി ‘ബി’യിൽ ഉൾപ്പെടുന്നു.ഈ ലൈസൻസുകൾക്ക് കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കും 10 വർഷവും അല്ലാത്തവർക്ക് ഒരു വർഷവുമാണ് കാലാവധി. മൂന്നോ അതിലധികമോ ചക്രങ്ങളുള്ള എല്ലാത്തരം മോട്ടോർ സൈക്കിളുകളും കാറ്റഗറി 'ബി' യിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ലൈസന്‍സ് കാലാവധി കുവൈറ്റ് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും 3 വർഷമാണ്. മറ്റുളളവർക്ക് ഒരു വർഷമാണ് കാലാവധി. നിർമ്മാണം, വ്യാവസായിക, കാർഷിക അല്ലെങ്കിൽ ട്രാക്ടർ വാഹനങ്ങൾക്കുളള ലൈസന്‍സ് കാലാവധി കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കും മൂന്ന് വർഷവും കുവൈറ്റികളല്ലാത്തവർക്ക് ഒരു വർഷവുമാണ്. മോട്ടോർ സൈക്കിൾ ലൈസൻസ് ലഭിക്കുന്നതിന് ശമ്പള വ്യവസ്ഥയും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.അപേക്ഷകർക്ക് റെസിഡൻസി ഉണ്ടായിരിക്കണം, ശമ്പളം 120 ദിനാറിൽ കുറവായിരിക്കരുതെന്നുളള നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തിയതി മുതല്‍ നിയമം പ്രാബല്യത്തിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.