റഷ്യ - ഉക്രെയ്ന്‍ യുദ്ധം: വത്തിക്കാന്റെ സമാധാന ദൗത്യത്തിന് കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി നേതൃത്വം വഹിക്കും

റഷ്യ - ഉക്രെയ്ന്‍ യുദ്ധം: വത്തിക്കാന്റെ സമാധാന  ദൗത്യത്തിന് കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി നേതൃത്വം വഹിക്കും

വത്തിക്കാന്‍ സിറ്റി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് തലവന്‍ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പിയെ ചുമതലപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തിയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം ഹംഗറിയിലെ അപ്പസ്‌തോലിക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വേളയില്‍, യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ ഒരു സമാധാന ദൗത്യം ആരംഭിക്കുന്ന കാര്യത്തെക്കുറിച്ച് മാര്‍പ്പാപ്പ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.

'വത്തിക്കാന്‍ പ്രതിനിധീകരിക്കുന്ന സമാധാന ദൗത്യത്തിന്റെ സമയവും അതിന്റെ നടപടികളും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ മത്തിയോ ബ്രൂണി പറഞ്ഞു.

ഈ ദൗത്യത്തിന് ഉക്രെയ്‌നിലെ സംഘര്‍ഷം കുറയ്ക്കാനും സമാധാനത്തിന്റെ പാതകള്‍ തുറക്കാനും കഴിയുമെന്ന് മാര്‍പ്പാപ്പ പ്രതീക്ഷിക്കുന്നതായി ബ്രൂണി കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്താന്‍ കര്‍ദിനാള്‍ മാറ്റിയോ സുപ്പി ശ്രമിക്കുമെന്ന് വത്തിക്കാന്‍ നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായി ചേര്‍ന്നാണ് 67 കാരനായ കര്‍ദിനാള്‍ ദൗത്യം നിര്‍വഹിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

1992-ല്‍ മൊസാംബിക്കിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച ദൗതത്തിന് മധ്യസ്ഥത വഹിച്ച, റോം ആസ്ഥാനമായുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ സാന്റ് എജിഡിയോ കമ്മ്യൂണിറ്റിയിലെ അംഗമാണ് കര്‍ദിനാള്‍ സുപ്പി. ഈ യുദ്ധത്തില്‍ ഒരു ദശലക്ഷത്തോളം ആളുകളെ കൊല്ലപ്പെടുകയും നാല് ദശലക്ഷത്തോളം ആളുകളെ നാടുകടത്തുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാറ്റിയോ സുപ്പിയെ 2019-ല്‍ കര്‍ദിനാളാക്കി, കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു.

അതിനിടെ, ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി കഴിഞ്ഞ ശനിയാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് മധ്യസ്ഥരെ ആവശ്യമില്ല, പുടിന്‍ കൊല്ലുക മാത്രമാണ് ചെയ്യുന്നതെന്നാണ് സെലന്‍സ്‌കി ഇറ്റാലിയന്‍ ടെലിവിഷനില്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.