കര്‍ണാടകയ്ക്ക് പിന്നാലെ ആന്ധ്രയും ലക്ഷ്യം വച്ച് കോണ്‍ഗ്രസ്; വൈ.എസ്. ശര്‍മിളയെ ഒപ്പം ചേര്‍ക്കാന്‍ പ്രിയങ്കയെ കളത്തിലിറക്കുന്നു

കര്‍ണാടകയ്ക്ക് പിന്നാലെ ആന്ധ്രയും ലക്ഷ്യം വച്ച് കോണ്‍ഗ്രസ്; വൈ.എസ്. ശര്‍മിളയെ ഒപ്പം ചേര്‍ക്കാന്‍ പ്രിയങ്കയെ കളത്തിലിറക്കുന്നു

ഹൈദരാബാദ്: കര്‍ണാടകയിലെ വന്‍ തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തില്‍ ഒരിക്കല്‍ കൈവിട്ട് പോയ ആന്ധ്രപ്രദേശും തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ അധ്യക്ഷ വൈ.എസ്. ശര്‍മിളയെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. ആന്ധ്രയിലെ പാര്‍ട്ടി നേതൃസ്ഥാനം ഉള്‍പ്പടെയുള്ള വന്‍ വാഗ്ദാനങ്ങളാണ് ശാര്‍മിളയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് വെക്കുന്നത്.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ.എസ്. ശര്‍മിള. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ശര്‍മിള പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ശര്‍മിളയുമായി ബന്ധപ്പെട്ടത്.

പ്രിയങ്കയുടെ ടീം ഷര്‍മിളയുമായി ബന്ധപ്പെട്ടെന്ന് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് ശര്‍മിളയെ ഒപ്പം ചേര്‍ക്കുകയെന്നതാണ് പ്രിയങ്കയുടെ ദൗത്യം. രാജ്യസഭാ സീറ്റും തെലുങ്കാനയില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവുമാണ് കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് മുന്നോട്ട് വെച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഓഫറുകളോട് അനുകൂല പ്രതികരണമല്ല ശര്‍മിള നടത്തിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തന്റെ ആദ്യ ലക്ഷ്യം തെലങ്കാനയാണെന്നാണ് ശര്‍മിള പറയുന്നത്. ആന്ധ്രയിലേക്ക് ഇപ്പോള്‍ കടക്കാന്‍ ശര്‍മിള താത്പര്യപ്പെടുന്നില്ലെന്നും അവരുടെ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. അതേസമയം 2029 ആകുമ്പോഴേക്കും ശര്‍മിളയെ ഉപയോഗിച്ച് ആന്ധ്രയില്‍ പാര്‍ട്ടിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യംവക്കുന്നത്.

ആന്ധ്രപ്രദേശില്‍ നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ അത് അവസാനിച്ചു. ടിഡിപിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ജഗനെ വീഴ്ത്താന്‍ ശര്‍മിളയെ കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചത്. ജഗനും ശര്‍മിളയും തമ്മിലുള്ള തര്‍ക്കം അനുകൂല ഘടകമായി കോണ്‍ഗ്രസ് കാണുന്നു.

നിലവിലെ ആന്ധ്രയിലെ സാഹചര്യങ്ങളില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ വീഴ്ത്താന്‍ ഏറ്റവും മികച്ച ഓപ്ഷനാണ് ശര്‍മിളയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സംസ്ഥാനത്ത് പാര്‍ട്ടി വലിയ നേതൃ പ്രതിസന്ധിയും നേരിടുന്നുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡി ജയിലിലായിരുന്നപ്പോള്‍ പാര്‍ട്ടിയെ നയിച്ച പരിചയും അനുഭവസമ്പത്തും ശര്‍മിളയ്ക്കുണ്ട്. ശര്‍മിള പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായില്ലെങ്കില്‍ ആദ്യ ഘട്ടമെന്ന നിലയ്ക്ക് തെലങ്കാനയില്‍ അവരുമായി സഖ്യംരൂപീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.