കർഷക സമരത്തിൽ വലഞ്ഞ് റിലയൻസ്; ജിയോ ബഹിഷ്ക്കരണ ക്യാംപെയ്ൻ ശക്തം

കർഷക സമരത്തിൽ വലഞ്ഞ് റിലയൻസ്; ജിയോ ബഹിഷ്ക്കരണ ക്യാംപെയ്ൻ ശക്തം

ദില്ലി: കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജിയോ അടക്കമുളള റിലയന്‍സ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌ക്കരിക്കാനാവശ്യപ്പെട്ടുളള ക്യാംപെയ്ന്‍ ശക്തമാകുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് എതിരെ ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

അടുത്തിടെ ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുന്നുണ്ട്. സമീപകാലത്തായി നിരവധി പേരാണ് ജിയോ കണക്ഷന്‍ ഉപേക്ഷിക്കുകയും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുകയും ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപണിയിലെ എതിരാളികൾക്കെതിരെ ജിയോയുടെ നീക്കം.വിപണി പിടിക്കാന്‍ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും തെറ്റായ വഴികള്‍ സ്വീകരിക്കുന്നു എന്നാണ് ജിയോ ട്രായിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പ്രചാരണങ്ങള്‍ നടത്താന്‍ ഏജന്റുമാരെയും റീട്ടെയ്‌ലര്‍മാരെയും വ്യാപകമായി ഉപയോഗിക്കുന്നു എന്നും ജിയോ പരാതിപ്പെടുന്നു. ജിയോ നല്‍കുന്ന സേവനങ്ങളെ കുറിച്ച് ആര്‍ക്കും പരാതി ഇല്ല. കാരണം കാണിക്കാതെയാണ് നിരവധി പേര്‍ നമ്പര്‍ പോര്‍ട്ട് ചെയ്യണം എന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത് എന്നും പരാതിയില്‍ പറയുന്നു. വ്യാജ പ്രചാരണങ്ങള്‍ വഴി ആളുകളെ ജിയോയില്‍ നിന്നും മറ്റ് നമ്പറുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നും അതിനാല്‍ ഇരുകമ്പനികള്‍ക്കും എതിരെ നടപടി വേണം എന്നുമാണ് ട്രായിയോട് ജിയോ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ദില്ലി അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സമരത്തിലാണ്.വലിയ ജനപിന്തുണയാണ് കര്‍ഷകരുടെ സമരത്തിന് ലഭിക്കുന്നത്. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം പാസ്സാക്കിയത് റിലയന്‍സ് പോലുളള വന്‍കിട കമ്പനികള്‍ക്ക് വേണ്ടിയാണ് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തിലുളള പ്രചാരണമാണ് ജിയോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.