അഡ്ലെയ്ഡില്‍ മരിയന്‍ ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി; ആയിരങ്ങള്‍ അണിനിരന്നു

അഡ്ലെയ്ഡില്‍ മരിയന്‍ ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി; ആയിരങ്ങള്‍ അണിനിരന്നു

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡ് അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ 74-ാമത് മരിയന്‍ വാര്‍ഷിക ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. വിവിധ ഇടവകകളില്‍ നിന്നും കുടിയേറ്റ സമൂഹങ്ങളില്‍ നിന്നുമായി 2000-ത്തിലധികം കത്തോലിക്ക വിശ്വാസികള്‍ കഴിഞ്ഞ ദിവസം നടത്തിയ വര്‍ണാഭമായ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. അഡ്ലെയ്ഡിലുള്ള മൂന്നു സിറോ മലബാര്‍ പള്ളികളില്‍നിന്നുള്ള അംഗങ്ങളും സജീവമായി പങ്കെടുത്തു. മുത്തുക്കുടകളും ജപമാലകളും മെഴുകുതിരികളും കൈയിലേന്തി നഗരവീഥിയിലൂടെ നടത്തിയ പ്രദക്ഷിണം വിശ്വാസ വിശ്വാസ സമൂഹത്തിന് ആത്മ നിര്‍വൃതിയേകി.


അഡ്ലെയ്ഡ് അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന മരിയന്‍ വാര്‍ഷിക ജപമാല പ്രദക്ഷിണത്തില്‍നിന്ന്

പരിശുദ്ധ മറിയത്തിന്റെ വേഷവിധാനങ്ങളില്‍ നീലയും വെളളയും വസ്ത്രങ്ങളില്‍ എത്തിയ കുട്ടികളും പ്രദക്ഷിണത്തിനു മിഴിവേകി. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് കുടിയേറ്റ സമൂഹത്തില്‍നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തത്. കുടുംബ സമേതമാണ് സിറോ മലബാര്‍ വിശ്വാസികള്‍ പങ്കെടുത്തത്.



സംസ്ഥാനത്തെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ ഘോഷയാത്രയാണിത്. പയനിയര്‍ വിമന്‍സ് മെമ്മോറിയല്‍ ഗാര്‍ഡനില്‍ നിന്ന് ആരംഭിച്ച് കിംഗ് വില്യം സ്ട്രീറ്റിലൂടെ വിക്ടോറിയ സ്‌ക്വയറിലേക്കാണ് പ്രാര്‍ത്ഥനാ ശുശ്രൂഷയായി പ്രദക്ഷിണം നീങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26