മിന്നിത്തിളങ്ങി എല്‍ഡിഎഫ്... നിറം മങ്ങി യുഡിഎഫ്... ചുരുങ്ങി ഒതുങ്ങി ബിജെപി...

മിന്നിത്തിളങ്ങി എല്‍ഡിഎഫ്... നിറം മങ്ങി യുഡിഎഫ്... ചുരുങ്ങി ഒതുങ്ങി ബിജെപി...

കൊച്ചി: വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് യുഡിഎഫിന് നേരിയ മുന്നേറ്റമുള്ളത്. ആറ് കോര്‍പ്പറേഷനുകളില്‍ നാലിലും എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. കൊച്ചിയും കണ്ണൂരും മാത്രമാണ് യുഡിഎഫ് മുന്നില്‍.

ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് - 10, യുഡിഎഫ് - 4. മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് - 38, യുഡിഎഫ് - 42, ബിജെപി - 2. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് - 108, യുഡിഎഫ് - 45. മറ്റുള്ളവര്‍ - 1. ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് -504, യുഡിഎഫ് - 376, എന്‍ഡിഎ - 22. മറ്റുള്ളവര്‍ - 29 എന്നിങ്ങനെയാണ് ഇപ്പോള്‍ മുന്നേറുന്നത്. കിഴക്കമ്പലത്തും സമീപ പഞ്ചായത്തുകളിലും ട്വന്റി-ട്വന്റി വന്‍ മുന്നേറ്റമുണ്ടാക്കി എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. കിഴക്കമ്പലം കൂടാതെ ഐക്കരനാട് പഞ്ചായത്തും ട്വന്റി-ട്വന്റി പിടിച്ചെടുത്തു. ഐക്കരനാട്ടിലെ മുഴുവന്‍ സീറ്റും വിജയിച്ചു. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും അവര്‍ മുന്നേറ്റം തുടരുന്നു.

ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അഴിയൂര്‍ പഞ്ചായത്തില്‍ മുല്ലപ്പള്ളിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇടുക്കി രാജാക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മന്ത്രി എം എം മണിയുടെ മകള്‍ എം എസ് സതി വിജയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ പരാജയപ്പെട്ടു. കൊടുവള്ളിയില്‍ എല്‍ഡിഎഫ് നേതാവ് ഒപി റഷീദിന് പൂജ്യം വോട്ട്. കാരാട്ട് ഫൈസലാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. കോഴിക്കോട് മത്സരിച്ച അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് തോറ്റു. യുഡിഎഫിനോടാണ് മത്സരിച്ച് തോറ്റത്.

കട്ടപ്പനയില്‍ ജോസ് വിഭാഗത്തിന് തിരിച്ചടി. മത്സരിച്ച 12 ഇടത്ത് 10ലും തോറ്റു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് മുന്നേറ്റമുണ്ടെങ്കിലും മേയര്‍ ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് 116 വോട്ടിനാണ് പരാജയപ്പെട്ടത്. തൊടുപുഴയില്‍ മത്സരിച്ച ഏഴു സീറ്റില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു. ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് 22 ഇടത്തേക്ക് ചുരുങ്ങുന്നു. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ 33 ഇടത്ത് വരെ മുന്നേറിയ ബിജെപി പിന്നീട് താഴേക്ക് വരികയായിരുന്നു.

പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളി കളഞ്ഞതായി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമാണ്. പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളി കളഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവെച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.