തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമം കര്‍ശനമാക്കിയുള്ള ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴ് വര്‍ഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഏറ്റവും കുറഞ്ഞ ശിക്ഷ ആറ് മാസമായിരിക്കും.
ഡോ.വന്ദനയുടെ മരണത്തിന് പിന്നാലെയാണ് അടിയന്തിരമായി ഓര്‍ഡിനന്‍സ് ഇറക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അധിക്ഷേപങ്ങളും കുറ്റകൃത്യമായി കണക്കാക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരേയും മിനിസ്റ്റീരിയല്‍ ജീവനക്കാരേയും ആരോഗ്യ പ്രവര്‍ത്തകരായി കണക്കാക്കും.
ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ഇരട്ടി നഷ്ടപരിഹാരം ഈടാക്കാനും നല്‍കാത്തവരില്‍ നിന്ന് റവന്യു റിക്കവറി വഴി പണം ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. അക്രമം നടന്ന് ഒരു മണിക്കൂറിനകം എഫ്‌ഐആര്‍, ഒരു മാസത്തിനകം കുറ്റപത്രം, ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുക എന്നീ നിര്‍ദേശങ്ങള്‍ നേരത്തേ സര്‍ക്കാര്‍ അംഗീകരിച്ചതാണ്.
2012 ലെ ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് ഓര്‍ഡിനന്‍സ് മന്ത്രിസഭ പരിഗണിച്ചത്. മൂന്ന് വര്‍ഷം വരെ തടവും 50000 രൂപ പിഴയുമാണ് ഈടാക്കുന്നതായിരുന്നു ഈ നിയമം. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ പരാതി ഉണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി ആയിത്തന്നെ മാറ്റം കൊണ്ട് വരും.
ഡോക്ടര്‍മാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഓര്‍സിനന്‍സ്. ആരോഗ്യ സംഘടനാ പ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ചേര്‍ന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് അന്തിമ രൂപം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.