അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ഡേ നൈറ്റ് മത്സരത്തിന് അഡ്‌ലെയ്ഡാണ് വേദി. പിങ്ക് ബോളില്‍ വലിയ പരിചയസമ്പന്നരല്ലാത്ത ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് അഡ്‌ലെയ്ഡില്‍ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുള്ള അഡ്‌ലെയ്ഡില്‍ ജയം പിടിച്ചാല്‍ ഇന്ത്യക്ക് പരമ്പരയിൽ വലിയ ഗുണം ചെയ്യും. എന്നാല്‍ അത് അത്ര എളുപ്പമാവില്ല. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം എന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.
'തീര്‍ച്ചയായും ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം.അവരുടെ തട്ടകത്തിലാണ് അവര്‍ കളിക്കുന്നത്. ഇന്ത്യ, പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യയിലാണ് കളിക്കുന്നതെങ്കില്‍ 80 ശതമാനം സാധ്യത ഞാന്‍ ഇന്ത്യക്ക് നല്‍കുമായിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ച് ഇന്ത്യയെക്കാള്‍ അനുഭവസമ്പത്ത് ഓസ്‌ട്രേലിയക്കുണ്ട്. ഫ്‌ളഡ്‌നൈറ്റിന് കീഴിലെ കളിയെക്കുറിച്ച് അവര്‍ക്ക് കൂടുതല്‍ ധാരണയുണ്ട്' കപില്‍ ദേവ് പറഞ്ഞു. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ നാല് ഡേ നൈറ്റ് മത്സരം കളിച്ചിട്ടുണ്ട്. ഇതില്‍ നാലിലും അവര്‍ക്ക് ജയിക്കാനായി. ന്യൂസീലന്‍ഡും ഇംഗ്ലണ്ടും ഡേ നൈറ്റ് ടെസ്റ്റില്‍ കംഗാരുക്കളോടെ മുട്ടുമടക്കിയവരാണ്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് ജയിക്കാന്‍ ഏറ്റവും ശക്തമായ പോരാട്ടം നടത്തേണ്ടി വരും. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷാനെ എന്നിവര്‍ക്ക് മികച്ച റെക്കോഡാണ് അഡ്‌ലെയ്ഡില്‍ പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റിലുള്ളത്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ മികച്ചതാണെങ്കിലും പിങ്ക് ബോളിലെ അനുഭവസമ്പത്ത് ഓസ്‌ട്രേലിയയെ തുണയ്ക്കുമെന്നും കപില്‍ വിലയിരുത്തി. ഈ അവസരത്തില്‍ ഇന്ത്യക്ക് മികച്ച പേസ് കരുത്തുണ്ട്. എന്നാല്‍ നമ്മുടെ ബൗളര്‍മാരെക്കാള്‍ അവിടുത്തെ സാഹചര്യം ഓസീസ് പേസര്‍മാര്‍ക്ക് അറിയാം. പിങ്ക് ബോളില്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പരിചയമില്ല. അതിനാല്‍ത്തന്നെ പിച്ചിലെ ബൗണ്‍സ് മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പേസും ലെങ്തും കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.
ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ എന്ത് വിലകൊടുത്തും ആദ്യ ടെസ്റ്റ് ജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ജസ്പ്രീത് ബൂംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് എത്തിയേക്കും. സ്പിന്‍ ബൗളറായി അശ്വിനെ മറികടന്ന് കുല്‍ദീപിന് അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പറാവാന്‍ കൂടുതല്‍ സാധ്യത റിഷഭ് പന്തിനാണ്. 2019ല്‍ ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതിന് മറുപടി പറയാനുറച്ചാവും ഓസീസ് ഇറങ്ങുക. ഡേവിഡ് വാര്‍ണറുടെ അഭാവം മാറ്റി നിര്‍ത്തിയാല്‍ മികച്ച നിരയാണ് ഓസ്‌ട്രേലിയയുടേത്. ലാബുഷാനെയും സ്മിത്തും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തും.
പല ഏകദിന ക്രിക്കറ്റ് മത്സരങ്ങളിലും, ഫ്ലഡ്‌ലൈറ്റുകളിൽ ദൃശ്യമാകുന്നതിന് വേണ്ടി വെളുത്ത പന്ത് ഉപയോഗിക്കുന്നതായിരുന്നു പതിവ്. എന്നാൽ , 2010 മുതൽ കളിക്കാരുടെ വെളുത്ത വസ്ത്രത്തിന് വിപരീതമായി ഡേ / നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ രാത്രിയിലെ ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനായി പിങ്ക് ബോളുകൾ ഉപയോഗിച്ചുതുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.