സിഡ്നി: ഓസ്ട്രേലിയയിലെ വയോജന സംരക്ഷണ കേന്ദ്രത്തില്‍ പോലീസിന്റെ മര്‍ദനത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 95 വയസുകാരി മരിച്ചു. ഡിമെന്‍ഷ്യ ബാധിതയായ ക്ലെയര്‍ നൗലാന്‍ഡാണ് ബുധനാഴ്ച്ച വൈകിട്ടോടെ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 17 നാണ് ന്യൂ സൗത്ത് വെയില്‍സിലെ സ്നോവി മൗണ്ടന്‍സിലുള്ള നഴ്‌സിങ് ഹോമില്‍ വച്ച് വയോധികയ്ക്ക് നേരേ പോലീസിന്റെ അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ പോലീസ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തിട്ടുണ്ട്.
പോലീസ് ഇലക്ട്രിക് ആയുധം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഷോക്കേറ്റ് നിലത്തു വീണ വയോധികയുടെ തലയോട്ടിക്ക് പൊട്ടലും മസ്തിഷ്‌ക രക്തസ്രാവവുമുണ്ടായിരുന്നു. ഇവര്‍ അതീവ ഗുരുതരാവസ്ഥയില്‍ കൂമ ബേസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ല്ലാ ശ്രമവും വിഫലമാക്കിയാണ് ക്ലെയര്‍ വിട വാങ്ങിയത്. സംഭവത്തില്‍ പോലീസിനു വീഴ്ച്ച സംഭവിച്ചതായി പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സംഭവ ദിവസമായ മേയ് 17-ന് വയോജന സംരക്ഷണ കേന്ദ്രത്തിന്റെ അടുക്കളയില്‍ നിന്ന് ലഭിച്ചൊരു കത്തിയുമായി ക്ലെയര്‍ നൗലാന്‍ഡ് നടക്കുന്നുവെന്ന് ഫോണ്‍ കോള്‍ ലഭിച്ചതിനെതുടര്‍ന്നാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയത്. കത്തി താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ വയോധിക തയാറായില്ല. തുടര്‍ന്ന് ഒരു സീനിയര്‍ കോണ്‍സ്റ്റബിള്‍ വയോധികയ്ക്കു നേരെ ഇലക്ട്രിക് ആയുധം പ്രയോഗിക്കുകയായിരുന്നു. നിലത്തു വീണ വയോധികയുടെ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വയോധികയുടെ മരണത്തെതുടര്‍ന്ന് 33 കാരനായ സീനിയര്‍ കോണ്‍സ്റ്റബിള്‍ ക്രിസ്റ്റ്യന്‍ വൈറ്റിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. ഇയാളെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 5 ന് വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകണം. സംഭവത്തിന്റെ വീഡിയോയും ഓഡിയോയും പോലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് വയോധികയുടെ കുടുംബം ആവശ്യപ്പെട്ടു. ദുര്‍ബലയായ വയോധികയെ കീഴടക്കാന്‍ പോലീസ് ആയുധം പ്രയോഗിച്ചതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ വാര്‍ത്തയായിരുന്നു.
അഞ്ച് വര്‍ഷത്തിലേറെയായി വയോധിക നഴ്സിംഗ് ഹോമില്‍ താമസിച്ചിരുന്നത്. തെക്കന്‍ ന്യൂ സൗത്ത് വെയില്‍സ് പട്ടണത്തിലെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു ക്ലെയര്‍ നൗലാന്‍ഡ്. എട്ട് മക്കളും 24 പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബത്തിലെ അംഗമാണ് ക്ലെയര്‍.
കൂടുതല്‍ വായനയ്ക്ക്:
ഡിമെന്‍ഷ്യ ബാധിതയായ 95 വയസുകാരിക്കു ഓസ്‌ട്രേലിയന്‍ പോലീസിന്റെ മര്‍ദനം; വയോധിക അതീവ ഗുരുതരാവസ്ഥയില്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26