കല്ലിശ്ശേരി: മാര്‍ത്തോമാ സുറിയാനി ക്രൈസ്തവര്‍ക്ക് റവ.പി.കെ സഖറിയ എന്ന പേര് മറ്റൊരു പേരിനോടും ചേര്‍ത്ത് വെയ്ക്കാന്‍ സാധിക്കുന്നതല്ല. മുറിവേറ്റപ്പെട്ടവന്റെ വേദനയ്ക്കു മുന്നില്‍ തന്റെ മുറിവുകള്‍ ഒന്നുമല്ല എന്ന സാക്ഷ്യം പറഞ്ഞു കൊണ്ട് മാര്‍ത്തോമാ സഭയിലെ വൈദികനായ അദ്ദേഹം സഭയുടെ ഔദ്യോഗിക ശുശ്രൂഷയില്‍ നിന്നും പടിയിറങ്ങുന്നു.
37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം ചെയ്യുവാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയുടെയും ആവശ്യമില്ല. പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നത് എപ്പോഴും പുഞ്ചിരിയോടെ വീല്‍ചെയറില്‍ ഇരിക്കുന്ന അച്ചന്‍. അദ്ദേഹത്തെ ഒരിക്കലും ഒരു ഒരാളും അത്ര പെട്ടെന്ന് മറക്കുകയില്ല.
നമ്മുടെ വീഴ്ചകളില്‍ നമ്മള്‍ ദുഖിക്കുകയും പ്രയാസപ്പെടുകയും ചെയ്യുമ്പോള്‍ തന്റെ ജീവിതം തന്നെ ദൈവവചന പ്രഘോഷണത്തിനായി ഉഴിഞ്ഞുവെച്ച അച്ചന്റെ തീരുമാനം ഇന്നത്തെ പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്നതാണ്.നമ്മുടെയൊക്കെ ജീവിതത്തില്‍ ചെറിയ പ്രയാസങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ ഈ ദൈവം എന്താണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിക്കാത്തവര്‍ എത്ര പേരുണ്ട്. എന്നാല്‍, അത്തരം വ്യക്തികളില്‍ നിന്നും അച്ചന്‍ വേറിട്ടു നില്‍ക്കുന്നു.
ദൈവം തനിക്ക് ചെയ്ത ഉപകാരങ്ങളില്‍ സന്തോഷിച്ച അതിനു നന്ദി പറഞ്ഞുകൊണ്ട് ജീവിക്കുന്ന സാക്ഷ്യമാണ്. ജീവിതത്തിലെ പ്രതിസന്ധിയില്‍ തളര്‍ന്നു പോകുന്നവര്‍ക്കു അച്ചനെന്നും ഒരു മാതൃക തന്നെയാണ്.
2001 ജൂലൈയില്‍ അമേരിക്കയിലെ ഫിലഡെല്‍ഫയിലെ ബഥേല്‍ മാര്‍ത്തോമാ ഇടവകയില്‍ ചുമതലയേറ്റ സമയത്ത് ആയിരുന്നു അപകടം സംഭവിച്ചത്. മരണത്തിനും ജീവിതത്തിനും ഇടയില്‍ കടന്നുപോയ ആ നിമിഷങ്ങളെ ഇന്നും അച്ചന്‍ ഏറെ പ്രാര്‍ത്ഥനയോടെയാണ് നോക്കിക്കാണുന്നത്. അരയ്ക്കു താഴോട്ടു തളര്‍ന്നെങ്കിലും മനസ് തളരാതെ തകര്‍ന്നു പോകാതെ അച്ചന്‍ തന്റെ ജീവിതം മറ്റുള്ളവര്‍ക്കു സാക്ഷ്യമായി മാറ്റുകയാണ്.
പല പ്രസംഗങ്ങള്‍ക്കും ഇടയില്‍ അച്ചന്‍ പൊട്ടി കരഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഒരു ഇടവകയിലെ പ്രസംഗത്തിന്റെ സമയത്ത് അച്ചന്റെ വലതു കൈയ്യിലെ മോതിരം ഊരി പോയിട്ടുണ്ട്. വീല്‍ചെയറില്‍ ഇരുന്നു കൊണ്ട് ദൈവവേലയ്ക്കായിട്ട് സ്വയം സമര്‍പ്പിതമായ ജീവിതം മാറ്റിവച്ചു. ഇനിയും തനിക്ക് സാധിക്കും എന്ന ആത്മവിശ്വാസം കൈമുതലാക്കിയ അദ്ദേഹത്തിന് ജീവിതത്തില്‍ എന്നും തുണയായിരിക്കുന്നത് സഹധര്‍മ്മിണി നിര്‍മ്മല കൊച്ചമ്മയാണ്.
വിശുദ്ധ വേദപുസ്തകത്തില്‍ തന്നെ സ്വാധീനിച്ച വ്യക്തി പൗലോസ് അപ്പോസ്തലനാണെന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ച വിഷയം സങ്കീര്‍ത്തനങ്ങളില്‍ നിന്നുമാണെന്നും അച്ചന്‍ പറഞ്ഞു. അതിന് അച്ഛന്‍ പറയുന്ന ഒരു കാരണമുണ്ട്. ചെറുപ്പകാലത്ത് അമ്മ തന്നെ മടിയില്‍ ഇരുത്തി സങ്കീര്‍ത്തനങ്ങളിലെ ഓരോ വാക്യങ്ങളും പറഞ്ഞു മനസിലാക്കി തരുമ്പോള്‍ അത് അന്ന് സന്ധ്യയ്ക്ക് തന്നെ കാണാതെ പഠിച്ച് പറഞ്ഞു കേള്‍പ്പിക്കാനുള്ള ഒരു ആഗ്രഹം അന്നേ ഉണ്ടായിരുന്നു. അപ്പോള്‍ അമ്മയില്‍ നിന്നും ലഭിക്കുന്ന സ്‌നേഹ വാത്സല്യം ആവോളം അനുഭവിച്ചിരുന്നു എന്ന് ആ വാക്കുകളില്‍ നിന്ന് തന്നെ മനസിലാക്കാന്‍ സാധിക്കും.
1986 മെയ് 23 ന് കാലം ചെയ്ത അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ മെത്രാപോലീത്തയാണ് പട്ടത്വ ശുശ്രൂഷയിലേക്ക് അച്ചനെ കൈപിടിച്ചുയര്‍ത്തിയത്. ചെങ്ങന്നൂര്‍ ഉമയാറ്റുകര മാര്‍ത്തോമാ ഇടവകയാണ് മാതൃദേവാലയം. ലിബര്‍ട്ടി ബെല്ലും അത്ഭുതങ്ങളുടെ ചക്രകസേരയും എന്നീ രണ്ടു പുസ്തകങ്ങള്‍ അച്ചനെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v