വ്യാപാരിയുടെ കൊലയിലേക്ക് നയിച്ചത് ഹണിട്രാപ്പെന്ന് സംശയം; കൂടുതല്‍ പരിശോധനയ്ക്ക് പൊലീസ്

വ്യാപാരിയുടെ കൊലയിലേക്ക് നയിച്ചത് ഹണിട്രാപ്പെന്ന് സംശയം; കൂടുതല്‍ പരിശോധനയ്ക്ക് പൊലീസ്

മലപ്പുറം: കോഴിക്കാട്ടെ ഹോട്ടല്‍ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നില്‍ പിന്നില്‍ ഹണിട്രാപ്പ് ആണോ എന്നതടക്കമുള്ള കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ്.

തിരൂര്‍ സ്വദേശിയും കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരിയുമായ സിദ്ദിഖിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷിബിലിയെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് പിടികൂടി കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും.

ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണവും കൊലപാതക രീതിയും അറിയാന്‍ സാധിക്കുകയുള്ളൂ എന്നും അദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ ചുരത്തില്‍ നിന്നുമാണ് അവയവങ്ങള്‍ കഷണങ്ങളാക്കി ട്രാവല്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍, സിസിടിവി എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് മൃതദേഹം അട്ടപ്പാടിയില്‍ ഉണ്ടെന്ന് മനസിലായത്.

ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു ആണ് കസ്റ്റഡിയിലെടുത്ത മൂന്നാമത്തെ പ്രതി. മൂന്നുപേര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. 18 നും 19 നും ഇടയിലാണ് കൊലപാതകം നടന്നത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.