പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

 പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം  കോടതി വിസമ്മതം അറിയിച്ചു. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിക്കാന്‍ കഴിയില്ലെന്ന നിരീക്ഷണത്തോടെ അഭിഭാഷകനായ സി.ആര്‍ ജയ സുകിന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചില്ല.

ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമ പൗരന്‍. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ത്തി വെക്കാനും അദ്ദേഹത്തിനാണ് അധികാരമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റിലെ എല്ലാ സമ്മേളനങ്ങളും ആരംഭിക്കുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയായതിനാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും രാഷ്ട്രപതി നടത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതും ഉദ്ഘാടനവും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു.

മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇരുപതോളം പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും. രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.