വടശേരിക്കര: പ്രദേശത്തു ഭീതി പരത്തുന്ന കടുവയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിടണമെന്ന് റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍. പെരുനാട് വടശേരിക്കര മേഖലയില്‍ തുടര്‍ച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ലെന്നും വെടിവച്ചു കൊല്ലാന്‍ വേണ്ട ഉത്തരവിനായി നടപടി തുടങ്ങണമെന്നും അദ്ദേഹം പ്രതികരിച്ചു.
പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ പശു, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ കടുവ ദിനംപ്രതി കൊല്ലുകയാണ്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ നാട്ടുകാര്‍ ഭീതിയിലാണ്. പല ദിവസങ്ങളിലായി മൂന്നു പശുക്കളെ കടുവ കൊന്നിരുന്നു. കുമ്പളാത്തമണ്‍ ഭാഗത്തു കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആട്ടിന്‍കുട്ടിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം വടശേരിക്കര ബൗണ്ടറിയിലും കടുവയെ പിടികൂടാന്‍ കൂട് വെച്ചു. കൂട്ടില്‍ ഇരയായി ആടിനെയും കെട്ടിയിട്ടുണ്ട്. പെരുനാട്ടില്‍ കണ്ട കടുവ തന്നെയാണു ബൗണ്ടറിയിലും സമീപത്തും എത്തിയതെന്ന നിഗമനത്തിലാണു വനം വകുപ്പ്. കര്‍ശന സുരക്ഷയാണ് ഈ പ്രദേശങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. എത്രയും വേഗം കടുവയെ കണ്ടെത്താന്‍ ആവശ്യമായ ശ്രമങ്ങള്‍ തുടരുന്നെങ്കിലും ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v