ആലപ്പുഴ: കൊല്ലം, തിരുവനന്തപുരം സംഭവങ്ങള്‍ക്ക് പിന്നാലെ ആലപ്പുഴയിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടത്തിലും തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വണ്ടാനത്തെ ആലപ്പുഴ മെഡിക്കല്‍ കോളജിന് പടിഞ്ഞാറ് ഭാഗത്തുള്ള മരുന്ന് സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.
ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീ പിടിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പ്രധാന കെട്ടിടത്തിന്റെ ജനാലകളും എസികളും കത്തി. തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് രാസവസ്തുക്കളുടെ ഗന്ധം ഉയര്‍ന്നത് ആശങ്ക പടര്‍ത്തി. മരുന്നുകള്‍ സൂക്ഷിച്ചിരുന്നിടത്തേക്ക് പടരും മുമ്പ് തീയണച്ചു.
തീ പിടിച്ച കെട്ടടത്തിന്റെ സമീപത്തായിരുന്നു മരുന്നു സൂക്ഷിച്ചിരുന്ന മുറികള്‍. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് തീ അണയ്ച്ചത്. തീപ്പടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണമായും നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേന പറഞ്ഞു. തീ പിടിച്ച കെട്ടിടത്തിന് അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.
മരുന്നുകള്‍ സൂക്ഷിച്ച പ്രധാന കെട്ടിടത്തിലേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ സര്‍ക്കാരാശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു. ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്.
പത്ത് ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങളില്‍ തീപ്പിടിത്തം ഉണ്ടാവുന്നത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്രപാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചിരുന്നു. തിരുവന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമാകുകയും ഉണ്ടായി.
കൊല്ലത്തും തിരുവനന്തപുരത്തം ബ്ലീച്ചിങ് പൗഡറാണ് തീപ്പിടിത്തത്തിന് കാരണമായതെന്നായിരുന്നു കോര്‍പ്പറേഷന്റെ വിശദീകരണം. ആലപ്പുഴയിലും ഇത് തന്നെയാകാം കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കത്തിയവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോവിഡ് കാലത്തെ മരുന്ന് ഇടപാട് അഴിമതിയില്‍ ലോകയുക്ത അന്വേഷണം നടത്തുന്നതിനിടെ തീപ്പിടിത്തമുണ്ടായത് ദുരൂഹമാണെന്ന ആരോപണവുമായി ആദ്യ സംഭവത്തിന് ശേഷ തന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.