ഇടുക്കി: അരിക്കൊമ്പന്‍ ലോവര്‍ ക്യാമ്പ് ഭാഗത്ത് നിന്ന് നീങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്. കമ്പം ഭാഗത്തേക്ക് നീങ്ങുന്നതായാണ് സുചന. വെരി ഹൈ ഫ്രീക്വന്‍സി ആന്റിനകള്‍ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ തേക്കടിയിലും നിരീക്ഷിച്ചുവരികയാണ്.
ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നും കാര്യമായ സിഗ്‌നലുകള്‍ ലഭിക്കാത്തതാണ് കാടിറങ്ങിയ കാര്യം വനപാലകര്‍ വൈകി അറിയാനിടയായത്. വ്യാഴാഴ്ച രാത്രിയാണ് അരിക്കൊമ്പന്‍ കാടിറങ്ങി ജനവാസ മേഖലക്ക് സമീപമെത്തിയത്. തമിഴ്‌നാട് സ്വദേശി മുരുകന്റെ വീടിനു സമീപമാണ് രാത്രി അരിക്കൊമ്പനെ കണ്ടത്. വീടിന്റെ കതകില്‍ തട്ടിയെങ്കിലും നാശനഷ്ടമൊന്നും വരുത്തിയില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തേക്കടിയിലെ വനപാലകര്‍ തിരികെ കാട്ടിനുള്ളിലേക്ക് ഓടിച്ചു.
വൈകാതെ ആന റോസാപ്പൂക്കണ്ടം ഭാഗത്തും എത്തി. ഇവിടെ വീടുകള്‍ക്ക് സമീപം എത്തും മുമ്പേ വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനയെ ഓടിച്ചു. സമീപത്തെ കുറ്റിക്കാട്ടിലേക്ക് നീങ്ങി അവിടെ നിലയുറപ്പിച്ച അരിക്കൊമ്പനെ രാത്രി 11 ഓടെ കൂടുതല്‍ വനപാലകരെത്തി തുരത്തി ഓടിക്കാന്‍ ശ്രമം നടത്തി.
ഇരുട്ടില്‍ ആനയെ കാണാതായതോടെ കാട്ടിലേക്ക് കയറിപ്പോയ റേഞ്ച് ഓഫിസര്‍ ഉള്‍പ്പെട്ട സംഘത്തെ ആന തുരത്തിയോടിച്ചു. ശബ്ദമുണ്ടാക്കി പാഞ്ഞടുത്തതോടെ വനപാലകരും നാട്ടുകാരും പലവഴിക്ക് ചിതറിയോടി. പെരിയാര്‍ കടുവ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദിന്റെ നേതൃത്വത്തില്‍ 30 തവണയിലധികം ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് ആന ജനവാസ മേഖലക്ക് സമീപത്ത് നിന്ന് പുലര്‍ച്ച രണ്ടോടെ കാടിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v