ഇടുക്കി: അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ആനയെ കണ്ട് പേടിച്ചോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
ജനങ്ങള്‍ സുരക്ഷിതമായി വീട്ടിലിരിക്കണമെന്ന് തമിഴ്‌നാട് പൊലീസ് മുന്നറിയിപ്പ് നല്‍കി. തേനി എസ്.പി സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. തമിഴ്‌നാട് വനംവകുപ്പ് ഇന്ന് തന്നെ ഉത്തരവിറക്കിയേക്കും.
കുങ്കിയാനകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ആകാശത്തേക്ക് വെടിവച്ച് കാട്ടിലേക്ക് വിടാനും ശ്രമിക്കുന്നുണ്ട്. ഇടുക്കി ചിന്നക്കനാല്‍ ഭാഗത്തേക്കാണ് ആന നീങ്ങുന്നത്. കമ്പത്ത് നിന്ന് ബോഡി മെട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലെത്താം. വെറും എണ്‍പത്തിയെട്ട് കിലോമീറ്റര്‍ മാത്രമാണ് ദൂരം.
കേരള വനം വകുപ്പും ആനയെ സൂക്ഷ്മമായി നീരീക്ഷിച്ചു വരികയാണ്. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വന മേഖലയിലാണ് ആനയുണ്ടായിരുന്നത്. രാവിലെയോടെ കമ്പത്ത് ജനവാസ മേഖലയില്‍ എത്തി.
ആന കഴിഞ്ഞ ദിവസം കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയെത്തിയിരുന്നു. അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവുണ്ടെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. അതിനിടെ വന്‍ പൊലീസ് സന്നാഹമാണ് കമ്പത്ത് നിലയുറപ്പിച്ചിട്ടുള്ളത്. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.