സംസ്ഥാനത്ത് ഇനി കാന്‍സറിനുള്ള മരുന്ന് ഏറ്റവും കുറഞ്ഞ വിലയില്‍; ഉത്പാദനം ഉടന്‍

സംസ്ഥാനത്ത് ഇനി കാന്‍സറിനുള്ള മരുന്ന് ഏറ്റവും കുറഞ്ഞ വിലയില്‍; ഉത്പാദനം ഉടന്‍

ആലപ്പുഴ: ആലപ്പുഴ കലവൂര്‍ കെ.എസ്.ഡി.പിയില്‍ ഓങ്കോളജി ഫാര്‍മ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് കാന്‍സര്‍ മരുന്നുകളുടെ വില കുറയും. മരുന്നിന്റെ നിര്‍മ്മാണോദ്ഘാടനം 29 ന് മന്ത്രി പി.രാജീവ് നിര്‍വഹിക്കും.

ഫാര്‍മ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ കാന്‍സര്‍ രോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനാവും. അടുത്ത വര്‍ഷത്തോടെ മരുന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 160 കോടി രൂപയുടെ പദ്ധതിയാണിത്. സഹകരണ വകുപ്പ് വിട്ടുനല്‍കിയ 6.38 ഏക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മ്മാണം നടത്തി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തില്‍ കെ.എസ്.ഡി.പിക്ക് സുപ്രധാന റോള്‍ വഹിക്കാനാവും. 150 കോടിയുടെ കരട് പദ്ധതിയാണ് ആദ്യം കെ.എസ്.ഡി.പി തയ്യാറാക്കിയത്. പിന്നീട് വിശദമായ ചര്‍ച്ചയില്‍ പദ്ധതി വിപുലീകരിക്കുകയായിരുന്നു.

കെ.എസ്.ഡി.പി വിപുലീകരണത്തിന്റെ ഭാഗമായി അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്കുള്‍പ്പെടെയുള്ള 14 ഇനം മരുന്നുകള്‍ അധികമായി ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രകിയ നടത്തിയ ഭൂരിഭാഗം പേരും ജീവിത കാലം കഴിക്കേണ്ട 11 ഇനം മരുന്നുകളില്‍ ഒന്‍പതെണ്ണവും കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.