അരിക്കൊമ്പനെ മയക്കു വെടി വയ്ക്കാന്‍ ഉത്തരവിറക്കി തമിഴ്‌നാട് വനം വകുപ്പ്; കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ മയക്കു വെടി വയ്ക്കാന്‍ ഉത്തരവിറക്കി തമിഴ്‌നാട് വനം വകുപ്പ്; കമ്പത്ത് നിരോധനാജ്ഞ

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിറക്കി. നാളെ അതിരാവിലെ ദൗത്യം തുടങ്ങും. കമ്പത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ അവിടെയുള്ള പുളിമര തോട്ടത്തിലാണ് നിലവിലുള്ളത്. വനം വകുപ്പുദ്യോഗസ്ഥര്‍ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടിയിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കിയത്.

1972 ലെ വൈല്‍ഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കു വെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയില്‍പ്പെട്ട വെള്ള മല വരശ്‌നാട് താഴ് വരയിലേക്ക് മാറ്റാനാണ് നീക്കം.

ശ്രീവില്ലി പുത്തൂര്‍ - മേഘമലെ ടൈഗര്‍ റിസര്‍വിന്റെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് ദൗത്യ ചുമതല. സംഘത്തില്‍ 3 കുങ്കിയാനകള്‍, പാപ്പാന്മാര്‍, ഡോക്ടര്‍മാരുടെ സംഘം, വിവിധ സേനാ വിഭാഗങ്ങള്‍ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് മിഷന്‍ അരിക്കൊമ്പന് നേതൃത്വം നല്‍കുക. അതേസമയം ആന ഇപ്പോഴത്തെ നിലയില്‍ നിന്ന് മാറാതെ നോക്കും.

ആന കമ്പത്തിറങ്ങിയതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വനം മന്ത്രിയും തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു. തേനി എംഎല്‍എയുമായും ഇരുവരും ചര്‍ച്ച നടത്തുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും ആനയെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.